30 ലക്ഷം രൂപ വിനിയോഗിച്ച് ടാർ ചെയ്ത റോഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിന് പിന്നാലെ കരാറുകാരൻ റീ ടാർ ചെയ്യേണ്ടി വന്നത്. പിന്നാലെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം റോഡിന് നേരെയുണ്ടായി.
തിരുവനന്തപുരം: കരാറുകാരന് പണി കൊടുക്കാൻ റോഡ് നശിപ്പിച്ച് അജ്ഞാതർ. കടം വാങ്ങിയും സ്ഥലം വിറ്റും റീ ടാറിംഗ് ചെയ്ത റോഡും അജ്ഞാതർ ഒറ്റ രാത്രി കൊണ്ട് കുളമാക്കി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. 30 ലക്ഷം രൂപ വിനിയോഗിച്ച് ടാർ ചെയ്ത റോഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിന് പിന്നാലെ കരാറുകാരൻ റീ ടാർ ചെയ്യേണ്ടി വന്നത്. പിന്നാലെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം റോഡിന് നേരെയുണ്ടായി. ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ കാറാത്തല പുള്ളിയിൽ റോഡിലാണ് സംഭവം. ആദ്യം ടാർ ചെയ്ത് മടങ്ങിയ അന്ന് തന്നെയാണ്റോഡിൻ്റെ 400 മീറ്ററോളം ഭാഗം സാമൂഹ്യ വിരുദ്ധർ വീണ്ടും രാത്രിയിൽ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചത്. പിന്നാലെ നാട്ടുകാർ റോഡ് നിർമാണത്തിൽ അപാകത ചൂണ്ടിക്കാട്ടി കരാറുകാരൻ്റെ വീട്ടിനു മുന്നിൽ പ്രതിഷേധിക്കുകയും കരാറുകാരനെതിരെ വിജിലൻസിൽ പരാതി നൽകുകയും ചെയ്തു. റോഡ് ഇളകിയ നിലയിലായിരുന്നു.

തുടർന്നാണ് സാമൂഹ്യ വിരുദ്ധർ മണ്ണെണ്ണ ഒഴിച്ച് കേടാക്കിയതാണെന്ന് മനസിലാക്കിയ കരാറുകാരൻ 400 മീറ്റർ ദൂരം വീണ്ടും ടാർ ചെയതത്. എന്നാൽ അന്ന് രാത്രി തന്നെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായി. പഴയതുപോലെ മണ്ണെണ്ണയൊഴിച്ച് റോഡ് കേടാക്കി. ഇതോടെ കരാറുകാരന് ടാറിങ്ങിൻ്റെ ബില്ല് പാസ്സായില്ല. ഇതിനിടെ പരാതി ഉയർന്നതോടെ എൻജിനിയറിങ് വിഭാഗം പരിശോധിക്കുകയും മണ്ണെണ്ണ ഒഴിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടർന്ന് മറ്റു വഴിയില്ലാതായെന്ന് ചൂണ്ടിക്കാട്ടി കരാർകാരൻ കഴിഞ്ഞ ദിവസം റോഡടച്ച് പ്രതിഷേധിക്കുകയായിരുന്നു. പല സ്ഥലത്ത് നിന്നും കടം വാങ്ങിയും മറ്റുമാണ് വീണ്ടും ടാർ ചെയ്തതെന്നും ജീവിക്കാൻ രക്ഷയില്ലാത്ത അവസ്ഥയാണെന്നും കരാറുകാരൻ പറയുന്നു.ഇതിനിടെ ഒരുവിഭാഗം നാട്ടുകാരുമെത്തിയതോടെ സ്ഥലത്ത് തർക്കമായി.സംഭവമറിഞ്ഞ് പൊലീസെത്തി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ ആവശ്യപ്പെടുകയും അന്വേഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് തർക്കം അവസാനിച്ചത്. പിന്നാലെ കരാറുകാരൻ പൊലീസിലും പഞ്ചായത്തധികൃതർക്കും പരാതി നൽകി. പൊലീസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.


