തിരുവനന്തപുരം: ആളുകളെ ഹണിട്രാപ്പില്‍ കുടുക്കി ഭീഷണിപ്പെടുത്തുന്ന സംഘം കൊല്ലം കടയ്ക്കാവൂരില്‍ അറസ്റ്റില്‍. യുവതിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പൊലീസ് പിടിയിലായത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി വീഡിയോ പകർത്തി ശേഷം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും പൊലീസ് അറിയിച്ചു. വക്കം പാടപുരയിടം വീട്ടിൽ ജാസ്മിൻ(30), വക്കം മേത്തരുവിളാകം വീട്ടിൽ സിയാദ്(20), വക്കം ചക്കൻവിള വീട്ടിൽ നസീം(22), വക്കം എസ്.എസ് മൻസിലിൽ ഷിബിൻ(21) എന്നിവരാണ് പിടിയിലായത്. ആലംകോട് സ്വദേശിയായ മധ്യവയസ്‌കൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഇയാൾ നടത്തുന്ന ഇറച്ചി വിൽപന കേന്ദ്രത്തിൽ ഇറച്ചി വാങ്ങാൻ എത്തി പരിചയത്തിലായ ജാസ്മിൻ തന്‍റെ വീട്ടിൽ ഒരു കാർ വിൽക്കാനുണ്ടെന്ന് പറഞ്ഞ് മണനാക്കിലെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി. അകത്തേക്ക് ക്ഷണിച്ച ജാസ്മിൻ ഇയാൾ അകത്തു കയറിയതോടെ വീടിന്‍റെ വാതിൽ കുറ്റിയിട്ടു. ഈ സമയം വീടിന്‍റെ കുളിമുറിയിൽ ഒളിച്ചിരുന്ന മറ്റു മൂന്ന് പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മധ്യവയസ്‌കനെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

ഒന്നാം പ്രതി ജാസ്മിൻ ഇയാളുടെ പക്കലുണ്ടായിരുന്ന 17,000 രൂപയും മൂന്ന് പവന്‍റെ മാലയും കവർന്നു. രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ വാട്ട്‌സ് ആപ്പിൽ പ്രചരിപ്പിക്കുമെന്നും കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി മധ്യവയസ്‌കൻ നൽകിയ പരാതിയിൽ പറയുന്നു.

കടയ്ക്കാവൂർ സി.ഐ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് വിക്രമാദിത്യൻ, അജയകുമാർ, എസ്.സി.പി.ഒമാരായ ഡീൻ, ബിനു, മുരളി, സന്തോഷ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ജാസ്മിനെ വീട്ടിൽ നിന്നും മറ്റു മൂന്ന് പ്രതികൾ വക്കത്ത് നിന്നും പിടികൂടിയത്. ജാസ്മിന്‍ ഭര്‍ത്താവുമായി പിരിഞ്ഞ് വേറെയാണ് താമസം.