കൊച്ചി: ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് 35,000 രൂപയും കാറും ഫോണും തട്ടിയ സംഘം മൂവാറ്റുപുഴയിൽ പിടിയിലായി. നെല്ലിക്കുഴി സ്വദേശി ആര്യ എന്ന യുവതി ഉൾപ്പടെ അഞ്ച് പേരാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ മൂവാറ്റുപുഴ സ്വദേശിയായ യുവാവിന്‍റെ കടയിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ആര്യ. ആര്യയ്ക്കൊപ്പം മുഹമ്മദ് യാസിൻ, അശ്വിൻ, ആസിഫ്, റിസ്വാൻ എന്നിവരും അറസ്റ്റിലായി. യുവാവിനെ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചു വരുത്തി ആര്യയ്ക്കൊപ്പമുള്ള ചിത്രം പകർത്തിയ ശേഷമായിരുന്നു ഭീഷണി.

ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാതിരിക്കാൻ മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് തൻറെ കയ്യിൽ പണമില്ലെന്ന് പറ‌ഞ്ഞതോടെയാണ് കാറും ഫോണും എടിഎം കാർഡും തട്ടിയെടുത്തത്. ഒരു രാത്രിയും പകലും ഇയാള ബന്ധിയാക്കുകയും എടിഎം കാർഡിൽ നിന്ന് 35000 രൂപ പിൻവലിക്കുകയും ചെയ്തു. ഒടുവിൽ മൂത്രമൊഴിക്കാനെന്ന വ്യജേന കാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് ഒച്ച വെച്ച് ആളെ കൂട്ടുകയായിരുന്നു. യുവാവിൻറെ പരാതിയിൽ കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.