Asianet News MalayalamAsianet News Malayalam

ക്ഷേത്രത്തില്‍ കൊണ്ട് പോയി, ആഭരണം വാങ്ങി നല്‍കി; തുടര്‍ന്ന് മകളെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്ന് പിതാവ്

കർണാടകയിലെ ബല്ലാരി ജില്ലയിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. മകൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രണയബന്ധം തുടരാന്‍ മകള്‍ തീരുമാനിച്ചതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. കേസില്‍ ഓംകാർ ഗൗഡ എന്നയാളാണ് അറസ്റ്റിലായത്.

Honour killing Father drowns daughter over love affair
Author
First Published Nov 9, 2022, 7:49 PM IST

ബംഗളൂരു: മറ്റൊരു സമുദായത്തിൽപ്പെട്ട ആൺകുട്ടിയുമായി മകൾ പ്രണയത്തിലായതിൽ പ്രകോപിതനായ പിതാവ് മകളെ വെള്ളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കർണാടകയിലെ ബല്ലാരി ജില്ലയിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. മകൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രണയബന്ധം തുടരാന്‍ മകള്‍ തീരുമാനിച്ചതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. കേസില്‍ ഓംകാർ ഗൗഡ എന്നയാളാണ് അറസ്റ്റിലായത്.

ഇയാൾ മകളെ ബല്ലാരി ജില്ലയിലെ കുടത്തിനി ടൗണിലെ വെള്ളക്കെട്ടിലേക്ക് തള്ളിയിടുകയായിരുന്നു. ഒക്‌ടോബർ 31നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിനിമയ്‌ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി ഓംകാർ ഗൗഡ മകളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍, ഇരുവരും തീയറ്ററില്‍ എത്താന്‍ വൈകിയതതോടെ ആ പദ്ധതി ഉപേക്ഷിച്ചു.

തുടര്‍ന്ന് തിയേറ്റർ വിട്ട് ഒരു ക്ഷേത്രത്തിലേക്ക് കൊണ്ട് പോയി. അവിടുന്ന് ഇറങ്ങിയ ശേഷം മകള്‍ക്ക് അടുത്തുള്ള കടയിൽ നിന്ന്  പ്രതി ആഭരണങ്ങൾ വാങ്ങി നല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രദേശത്തെ ഹൈലെവൽ കനാലിലേക്ക് ഓംകാർ ഗൗഡ മകളെ കൂട്ടിക്കൊണ്ട് പോയത്. ഇവിടെ നിന്ന് വെള്ളത്തിലേക്ക് ഓംകാർ ഗൗഡ മകളെ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ജീവന്‍ രക്ഷിക്കാനായി നിലവിളിച്ചിട്ടും പിതാവ് സഹായിച്ചില്ല.

പെണ്‍കുട്ടി വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം രാത്രിയോടെ പ്രതി തിരുപ്പതിയിലേക്ക് രക്ഷപ്പെട്ടു. എന്നാൽ, പെൺകുട്ടിയെ കാണാനില്ലെന്ന് അമ്മയും സഹോദരനും കുടത്തിനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പിതാവ് ഓംകാർ ഗൗഡ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹത്തിനായി പൊലീസ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചു.

ഷാരോൺ കൊലക്കേസ്; കേസന്വേഷണം തമിഴ്നാടിന് കൈമാറുന്നത് നിയമോപദേശം ലഭിച്ച ശേഷം മാത്രമെന്ന് ഡിജിപി

Follow Us:
Download App:
  • android
  • ios