തിരുവനന്തപുരം: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി നാട് വിട്ട വീട്ടമ്മയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് പൊലീസ് പിടികൂടി. മൂന്ന് കുട്ടികളുടെ അമ്മയായ വിതുര സ്വദേശിയായ സ്ത്രീ ഇളയ രണ്ട് കുട്ടികളുമായാണ് നാട് വിട്ടത്. സ്ത്രീയുടെ ഭർ‍ത്താവിന്‍റെ പരാതിയിൽ രണ്ടുപേരെയും പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു.

വിതുര തൊലിക്കോട് സ്വദേശിയായ 36കാരി, ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായാണ് നാട് വിട്ടത്. ടിക്ക് ടോക്കിലൂടെയാണ് ഇവർ യുവാവിനെ 
പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. ഇതോടെ നാട് വിടാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം ആറിന് മൂത്ത കുട്ടിയെ വീട്ടിൽ നിർത്തി, ഇളയ രണ്ട് കുട്ടികളുമായി യുവതി വീട്ടിൽ നിന്നിറങ്ങി. പുനലൂ‍രിൽ കാത്തുനിന്ന കാമുകനുമായി ആദ്യം വിജയവാഡയിലേക്ക് പോയി 
പിന്നീട് ഒഡീഷയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശ് അതിർത്തിയായ ദംഗലിലേക്കും കടന്നു.

മേസ്തിരിയായ കാമുകന് കീഴിൽ ജോലിചെയ്യുന്ന ദംഗൽ സ്വദേശിയുടെ വീട്ടിലാണ് ഇവർ ഒളിച്ചുക്കഴിഞ്ഞത്. വിതുര എസ്ഐ സുദീഷിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് ഒടുവിൽ ഇവരെ കണ്ടെത്തിയത്. പൊലീസിനെ എതിർത്ത് നാട്ടുകാർ സംഘടിച്ചതോടെ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പിടികൂടിയത്. യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വഷണം തുടങ്ങിയത്. മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്. രണ്ടുപേരെയും ഉടൻ കോടതിയിൽ ഹാജരാക്കും.