പാലക്കാട്: പാലക്കാട് ജില്ലയിലെ എലപ്പുളളിയിൽ വീട്ടമ്മയെ ആക്രമിച്ച് അക്രമി സംഘം സ്വർണാഭരണങ്ങൾ കവർന്നു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് സംഭവം. നാലംഗ സംഘമാണ് ആക്രമണത്തിന് പുറകിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. സമീപത്തുളള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 

എലപ്പുളളിക്ക് സമീപം മണിയേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സുശീലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അർദ്ധ രാത്രിയോടെ മുഖത്ത് മുറിവുകളുമായി സുശീല അയൽവീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തമിഴ് സംസാരിക്കുന്ന നാലുപേരുടെ സംഘമാണ് ആക്രമിച്ച് ആഭരണം കവ‍‍ർന്നതെന്ന് സുശീല ഇവരോട് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ സുശീല പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

വീടിന്റെ പണിനടക്കുന്നതിനാൽ താത്ക്കാലിക ഷെഡ്ഡിലാണ് സുശീലയുടെ താമസം. ഇവിടെ വച്ചാണ് ആക്രമണമുണ്ടായത്. വീട് വയറിംഗിനുളള സമാഗ്രികളും മോഷ്ടാക്കൾ കൊണ്ടുപോയി. വിരലടയാള വിദഗ്ധരുൾപ്പെടെയുളള സംഘം സ്ഥലത്തെത്തി വിശദപരിശോധന നടത്തി. സമീപത്തുളള ഫാമിൽ നിന്ന് കോഴികളെയും മുയലിനെയും മോഷ്ടിച്ചിട്ടുണ്ട്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.