കോഴിക്കോട്: കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കൂടത്തായിയില്‍ വെളിച്ചത്ത് വരുന്നത്. ഉറ്റ ബന്ധുക്കളായ ആറ് പേരേയും കൊന്നത് താനാണെന്ന് മുഖ്യപ്രതി ജോളി ഏറ്റുപറയുമ്പോള്‍ പൊലീസ് മാത്രമല്ല ഏവരും ഞെട്ടലിലാണ്. ദുരൂഹത നിറഞ്ഞുനിന്ന ആറ് കൊലപാതകങ്ങള്‍ വെളിച്ചത്തുവരാന്‍ 14 വര്‍ഷങ്ങള്‍ വേണ്ടിവന്നുവെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം. ജോളിയുടെ മുന്‍ഭര്‍ത്താവ് റോയ് തോമസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പരാതിയാണ് കൂടത്തായി കൂട്ടക്കൊലയുടെ ചുരുളഴിച്ചത്.

റോയി സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പോലും വിശ്വസിച്ചിരുന്നത്. എന്നാല്‍ റോയിയുടെ ഭാര്യയായിരുന്ന, കൂട്ടകൊലപാതകത്തിലെ പ്രതി ജോളി നാട്ടിലാകെ പ്രചരിപ്പിച്ചത് സയനൈഡ് കഴിച്ചുള്ള ആത്മഹത്യയെന്നായിരുന്നില്ല. ഭര്‍ത്താവ് ഹൃദയാഘാതം മൂലമാണ് റോയ് മരിച്ചതെന്നായിരുന്നു ജോളി പറഞ്ഞു നടന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം പൊലീസില്‍ പരാതി ലഭിച്ചപ്പോള്‍ അന്വേഷണം സ്വാഭാവികമായും ആ വഴിക്ക് നീങ്ങി. ഇതാണ് ജോളിയെ കുടുക്കിയതും. അന്വേഷണസംഘത്തലവന്‍ തന്നെ ഇത് വ്യക്തമാക്കുകയും ചെയ്തു.

സംശയവും തെളിവുകളും ദുരുഹത നീക്കിയതെങ്ങനെയെന്ന് എസ് പി

രണ്ട് മാസം മുന്‍പ് കിട്ടിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടത്തായി കൂട്ടക്കൊലയുടെ അന്വേഷണം ആരംഭിച്ചതെന്ന് റൂറല്‍ എസ് പി സൈമണ്‍ തന്നെ വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ ചില സംശയങ്ങള്‍ തോന്നിയതോടെ ഡിഐജി വിവരം അറിയിച്ചു. അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണചുമതല ഏല്‍പിച്ചു.

റോയ് ജോസ് എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട് പരാതിയോടെയാണ് കേസ് ആദ്യമായി പൊലീസിന്‍റെ മുന്നിലെത്തുന്നത്. മരണത്തില്‍ മറ്റു അസ്വഭാവികതകള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ അന്ന് ഈ ആ ഫയല്‍ ക്ലോസ് ചെയ്തത്. ഇപ്പോള്‍ പരാതി കിട്ടിയപ്പോള്‍ വീണ്ടും ആ ഫയല്‍ പരിശോധിച്ചു. അപ്പോഴാണ് സയനൈഡ് കഴിച്ചാണ് റോയ് മരിച്ചതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സയനൈഡ് എവിടെ നിന്നും കിട്ടി എന്ന കാര്യം പരിശോധിക്കാതെയായിരുന്നു കേസ് അവസാനിപ്പിച്ചത്. 

ഇവരുടെ കുടുംബപശ്ചാത്തലവും മറ്റു പരിശോധിച്ചപ്പോള്‍ ഈ കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ കൂടി സമാനമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടതായി കണ്ടെത്തി. എല്ലാവരുടേയും മരണസമയത്ത് ജോളി എന്ന സ്ത്രീയുടെ സാന്നിധ്യമുള്ളതും സംശയം വര്‍ധിപ്പിച്ചു. ഇതോടെ കോടതിയുടെ അനുമതി തേടി വിപുലമായ അന്വേഷണം നടത്തുകയായിരുന്നു.

ജോളിയെക്കുറിച്ചും കാര്യമായി പൊലീസ് അന്വേഷിച്ചു. ദുരൂഹമായ പല കാര്യങ്ങളും ഈ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ജോളി നാട്ടില്‍ പറഞ്ഞിരുന്നത് താന്‍ കോഴിക്കോട് എന്‍ഐടിയിലെ ലക്ച്ചറായിരുന്നു എന്നാണ്. എന്നാല്‍ ഇവര്‍ ശരിക്കും ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു. എന്‍ഐടിയുടെ വ്യാജഐഡികാര്‍ഡുമായി എല്ലാ ദിവസവും ഇവര്‍ കാറില്‍ വീട്ടില്‍ നിന്നു പോകും വൈകിട്ട് തിരിച്ചുവരും.

ഹൃദയാഘാതം എന്ന് എന്തിന് പ്രചരിപ്പിച്ചു

റോയിയുടെ മരണം ഹൃദയാഘാതം മൂലമായിരുന്നു എന്നായിരുന്നു ഇവര്‍ പറഞ്ഞു പരത്തിയത്. റോയ് സയനൈഡ് കഴിച്ചതാണെന്ന് അറിഞ്ഞിട്ടും ഇവര്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഇവര്‍ ആവര്‍ത്തിച്ചു പ്രചരിപ്പിച്ചു കൊണ്ടിരുന്നു. പുനരന്വേഷണത്തിന്‍റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്തതില്‍ അന്‍പതോളം മൊഴി വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതെല്ലാം ജോളിയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. സയനൈഡ് കഴിച്ചുള്ള ആത്മഹത്യയെന്ന് നാട്ടില്‍ അറിഞ്ഞാല്‍ സംശയമുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഹൃദയാഘാതമെന്ന് ജോളി പ്രചരിപ്പിച്ചതെന്നാണ് നിഗമനം.