ദില്ലി: പ്രധാനമന്ത്രിയുടെ സഹോദരപുത്രിയെ ദില്ലിയിൽ മോഷ്ടാക്കൾ പിടിച്ചുപറിച്ച കേസിൽ, പ്രതികളെ പൊലീസ് പിടികൂടി. 56000 രൂപയും രണ്ട് മൊബൈൽ ഫോണുകളും ഔദ്യോഗിക തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ട സംഭവത്തിൽ 200 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് 700 ഓളം പൊലീസുകാർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ദില്ലിയില്‍ സിവില്‍ ലൈനിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് പുറത്ത് വച്ചാണ് മോദിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോദി കവർച്ചയ്ക്ക് ഇരയായത്. ഓട്ടോറിക്ഷയിൽ നിന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ സംഘം പഴ്സും മെബൈലും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

അമൃത്സറില്‍ നിന്ന് ദില്ലിയിലെത്തിയപ്പോഴാണ് വരുമ്പോഴാണ് സംഭവം. ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി മുറി ബുക്ക് ചെയ്തിരുന്നു. 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു. പൊലീസിന്റെ വൻപട തങ്ങളുടെ താമസസ്ഥലത്ത് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തങ്ങൾ ചെയ്ത കുറ്റത്തിന്റെ വലിപ്പം മനസിലായതെന്ന് മോഷ്ടാക്കൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.

പ്രതികളിലൊരാളെ സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പൊലീസ് പിടികൂടി. മറ്റൊരു പ്രതിയായ നോനുവെന്ന ഗൗരവിനോട് സംഭവം ഭാര്യ വിളിച്ചറിയിച്ചു. തന്നെ തേടി പൊലീസ് ഉടനെത്തുമെന്ന് മനസിലാക്കിയ നോനു കുടുംബത്തെയും കൂട്ടി ദില്ലിയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചു. എന്നാൽ സുൽത്താൻപുരിയിൽ വച്ച് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ ഓൺ ചെയ്ത് വച്ചതാണ് ഇയാൾക്ക് വിനയായത്. കേസ് അന്വേഷണം പൂർത്തിയായപ്പോൾ, ദില്ലി പൊലീസിന് ശ്വാസം വീണു. പ്രതികളെ വലയിലാക്കാൻ രണ്ട് ദിവസം കൊണ്ട് 700 പൊലീസുകാരാണ് പ്രവർത്തിച്ചത്.