ബെംഗളൂരു :  32 ആഴ്ച്ച ഗർഭിണിയായിരുന്ന 21കാരിയായ യുവതി ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോമയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിസേറിയനിലൂടെ ആൺകുഞ്ഞിനു ജന്മം നൽകിയ ശേഷമാണ് യുവതി മരിച്ചത്. ഭാര്യ മരിച്ചതറിഞ്ഞ് അര മണിക്കൂറിനു ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.

തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിൽ  ചൊവ്വാഴ്ച്ചയാണ് സംഭവം. ഗാരേജ് മെക്കാനിക്കായ നാഗരാജിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്. മദ്യപാനിയായ നാഗരാജ് കാവ്യയെ മർദ്ദിക്കുമായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. സംഭവ ദിവസം രാവിലെ ഏഴുമണിയോടെ മദ്യലഹരിയിൽ നാഗരാജ് കാവ്യയെ മർദ്ദിക്കുകയും കാവ്യ അബോധാവസ്ഥയിലാവുകയുമായിരുന്നു. അയൽക്കാരാണ് കാവ്യയെ നഗരത്തിലെ വാണിവിലാസ് ആശുപത്രിയിലെത്തിച്ചത്.

ഡോക്ടർമാർ  സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കാവ്യ അബോധാവസ്ഥയിൽ തുടരുന്നതിനാൽ എംആർഎെ സ്കാനിങ്ങിനു വിധേയയാക്കി. തലച്ചോറിൽ അമിത രക്തസ്രാവം ഉള്ളതായി തിരിച്ചറിഞ്ഞെങ്കിലും മണിക്കൂറുകൾക്കുള്ളിൽ കാവ്യ മരണപ്പെടുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഗർഭകാലത്ത് കാവ്യയ്ക്ക് അമിത രക്ത സമ്മർദ്ദം ഉണ്ടയിരുന്നതായും ഡോക്ടർമാർ അറിയിച്ചു.

Read More: മൂന്ന് കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊന്നു; 22കാരിയായ അമ്മ അറസ്റ്റില്‍

മരണ വിവരം കാവ്യയുടെ സഹോദരൻ നാഗരാജിനെ ഫോൺവിളിച്ചറിയിച്ചെങ്കിലും ഉടൻ സ്ഥലത്തെത്താമെന്നു പറഞ്ഞ നാഗരാജ് വഴിയരികിലെ വൃക്ഷക്കൊമ്പിൽ തൂങ്ങിമരിക്കുകയായിരുന്നു.  2018ൽ വീട്ടുകാരുടെ എതിർപ്പ്  വകവെയ്ക്കാതെ വിവാഹിതരായ ഇരുവരും ബെംഗളൂരുവിലെ സുംഗദ്ഘട്ടെയിലായിരുന്നു താമസം.