അരിസോണ: മൂന്ന് കുഞ്ഞ് മക്കളെ ശ്വാസംമുട്ടിച്ച് കൊന്ന അമ്മ അറസ്റ്റില്‍. അമേരിക്കയിലെ അരിസോണയിൽ 22കാരിയായ റേച്ചൽ ഹെൻറിയാണ് അറസ്റ്റിലായത്. ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

റേച്ചൽ ഹെൻറിയുടെ ഫീനിക്സിലെ വീട്ടിൽ പൊലീസ് എത്തുമ്പോള്‍ മൂന്നും രണ്ടും വയസുള്ള കുട്ടികളും 7 മാസം പ്രായമുള്ള കൈക്കുഞ്ഞും സോഫയിൽ ഉറങ്ങുന്ന പോലെ കിടക്കുകയായിരുന്നു. കിടപ്പിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ തന്നെ പൊലീസിന് അപകടം പിടികിട്ടി. കുട്ടികളെ പ്രാഥമിക ശുശ്രൂഷയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം വിജയിച്ചില്ല. വൈകാതെ തന്നെ അമ്മ 22 കാരി റേച്ചൽ ഹെൻറിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് എത്തുമ്പോള്‍ ഇവരുടെ വീട്ടിൽ കുട്ടികളുടെ അച്ഛനും മറ്റൊരു ബന്ധുവുമുണ്ടായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More: താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

റേച്ചൽ മയക്കുമരുന്നിന് അടിമയായിരുന്നു. റേച്ചലിന്റെ ലഹരി ഉപയോഗത്തിന്റെ പേരിൽ കുട്ടികളെ നേരത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുട്ടികളെ അപകടപ്പെടുത്തിയതായി സമ്മതിച്ച റേച്ചൽ എന്തിനിത് ചെയ്തെന്നും വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളെ ഓരോരുത്തരായി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു എന്നാണ് കുറ്റസമ്മതം. രണ്ട് വയസുകാരി മകളെയാണ് ആദ്യം കൊന്നത്. ഇത് തടയാനായി മൂന്ന് വയുള്ള മൂത്ത മകൻ ശ്രമിച്ചെന്നും റേച്ചൽ പറയുന്നു. ഏഴ് മാസം പ്രായമുള്ള മകൾക്ക് കുപ്പിയിൽ പാൽ നൽകിയ ശേഷമാണ് ശ്വാസം മുട്ടിച്ചുകൊന്നത്. കൃത്യം നടത്തുമ്പോള്‍ കുഞ്ഞുങ്ങൾക്ക് പാട്ട് പാടി കൊടുത്തതായും റേച്ചൽ കോടതിയിൽ പറഞ്ഞു. കേസിൽ ജാമ്യം കിട്ടാൻ റേച്ചൽ 30 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. തനിക്ക് ജോലിയില്ലെന്നും ഇത്രയും തുക കണ്ടെത്താനാകില്ലെന്നും റേച്ചൽ പറഞ്ഞു. റേച്ചലിന് കോടതി ഒരു അഭിഭാഷകനെ ഏർപ്പെടുത്തിയിട്ടുണ്ട്