ലക്‌നൗ: വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ മുടി മുറിച്ചുമാറ്റി ഭർത്താവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ആരിഫ് എന്നയാളാണ് ഭാര്യ റോഷ്‌നിയുടെ മുടി മുറിച്ചത്. പുറത്ത് പോകാതിരിക്കാന്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടതായും റോഷ്‌നി നൽകിയ പരാതിയിൽ പറയുന്നു.

തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പതിവായി മര്‍ദ്ദിക്കാറുണ്ടെന്നും റോഷ്നി പറയുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആ​രംഭിച്ചിട്ടുണ്ട്. അതേസമയം, ആരിഫ് ഒളിവിലാണെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഭാര്യ സുന്ദരിയായി കാണുന്നത് ഇഷ്ടമല്ലാതിരുന്ന ആരിഫ്, റോഷ്‌നിയുടെ മുടി മുറിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.  മുടി മുറിച്ച ശേഷം റോഷ്‌നിയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തിങ്കളാഴ്ച ആരിഫ് ജോലിക്ക് പോയിരുന്ന സമയത്ത് മുറിയില്‍ നിന്ന് രക്ഷപ്പെട്ട റോഷ്നി പൊലീസില്‍ അഭയം തേടുകയായിരുന്നു. 

Read Also: 'ഫെറ്റിഷിസ്റ്റ്' യുവാവ് ഓട്ടോയാത്രക്കിടെ യുവതിയുടെ മുടി മോഷ്ടിച്ചു; മാതാപിതാക്കളെ വിളിച്ചുവരുത്തി പൊലീസ് മുന്നറിയിപ്പ് നല്‍കി

ബന്ധുക്കളും ആരിഫിന് പിന്തുണ നല്‍കിയിരുന്നുവെന്ന് റോഷ്നി പറഞ്ഞു. മുടി മുറിച്ച സമയത്ത്, മറ്റൊരാളും തന്നെ രണ്ടാമത് നോക്കരുത് എന്ന് ഭര്‍ത്താവ് പറഞ്ഞതായി റോഷ്നിയുടെ പരാതിയില്‍ പറയുന്നു. നാലുവര്‍ഷം മുന്‍പാണ് ആരിഫും റോഷ്നിയും തമ്മിൽ വിവാഹിതരായത്.