കൊച്ചി: എറണാകുളം നെട്ടൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂർ സ്വദേശി ആന്റണിയാണ് ഭാര്യ ബിനിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങി.

ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് സംഭവം. ഉറങ്ങി കിടന്ന ഭാര്യ ബിനിയെ ചുറ്റിക ഉപയോഗിച്ചാണ് ആന്റണി തലക്കടിച്ചത്. അടിയേറ്റ ബിനി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം ആന്റണി പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വർഷങ്ങളായി ഇവർ തമ്മിലുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആന്റണി പല തവണയായി ബിനിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി ബിനിയുടെ അച്ഛൻ കെവി ജോൺ പറഞ്ഞു.

ഇവരുടെ മക്കളെയും ആന്റണി ഉപദ്രവിച്ചിരുന്നതായും ജോൺ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മക്കൾ രണ്ട് പേരും ബിനിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു. സംഭവം നടന്ന വീട്ടിലെത്ത് ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.