കൊച്ചി: ഇടപ്പള്ളിയിൽ ഭാര്യയുടെ മുന്നിൽ വെച്ച് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. ഇടപ്പള്ളി സ്വദേശി ബിജുവിനെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2015 ജനുവരി 21 നാണ് സംഭവം. ഇടപ്പള്ളി പോണക്കര സ്വദേശി രവികുമാറിനെയാണ് ഭാര്യയുടെ മുന്നിൽ വെച്ച് പ്രതി ബിജു കുത്തിക്കൊലപ്പെടുത്തിയത്. നെഞ്ചിനും വയറിലും ഗുരുതരമായി പരിക്കേറ്റിരുന്ന രവികുമാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

കൊല്ലപ്പെട്ട രവികുമാറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീക്ക് മുന്നിൽ പ്രതി ബിജു നഗ്നതാ പ്രദർശനം നടത്തിയത് ചോദ്യം ചെയ്യ്തതും തുടർന്ന് പൊലീസിൽ പരാതി നൽകിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

കേസുമായി ബന്ധപ്പെട്ട് ബിജുവിനെ കൂടാതെ ഏഴ് പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും സംഭവത്തിൽ ഇവർക്ക് നേരിട്ട് ബന്ധമില്ലാത്തതിനാൽ കോടതി ഇവരെ വെറുതെ വിട്ടിരുന്നു.