ഇടുക്കി: വട്ടവടയിൽ 27 ദിവസം പ്രായമുള്ള കുഞ്ഞിന്‍റ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം. കുഞ്ഞിന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ് പരാതി നൽകിയതിനെ തുടർന്ന് മൃതദേഹം പുറത്തെടുക്കാൻ ദേവികുളം സബ്കളക്ടർ അനുമതി നൽകുകയായിരുന്നു.

ദേവികുളം സബ്കളക്ടർ പ്രേംകൃഷ്ണന്‍റെ സാന്നിധ്യത്തിൽ രാവിലെ പത്ത് മണിയോടെയാകും പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുക്കുക. വട്ടവട കോവിലൂരിലെ പൊതുശ്മശാനത്തിലാണ് കുഞ്ഞിനെ സംസ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കോവിലൂ‍ർ സ്വദേശികളായ തിരുമൂർത്തി_വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള മകൾ മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ വാദം.

അമ്മ വിശ്വലക്ഷ്മി മുലപ്പാൽ നൽകുന്നതിനിടെ പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് അസ്വസ്ഥതയുണ്ടായെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയെ ഉടൻ വട്ടവടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൂന്ന് മണിയോടെ കുഞ്ഞിനെ സംസ്കരിച്ചു. എന്നാൽ ഇക്കാര്യം ഡോക്ടറോ ബന്ധുക്കളോ പോലീസിനെ അറിയിച്ചില്ല. മരണത്തിൽ അയൽവാസികളാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. തുടർന്ന് വിശ്വലക്ഷ്മിയുമായി പിണങ്ങി മാറിത്താമസിക്കുന്ന തിരുമൂർത്തി മകളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവം അറിഞ്ഞിട്ടും പോലീസിൽ വിവരം അറിയിക്കാതിരുന്ന ഡോക്ടർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാൽ മരണത്തിൽ അസ്വഭാവികത ഇല്ലാതിരുന്നതിനാലാണ് പോലീസിൽ അറിയിക്കാതിരുന്നതെന്ന് പിഎച്ച്സിയിലെ ജീവനക്കാർ അറിയിച്ചു.