പാലക്കാട്:  കോങ്ങാട് നിന്നും മാൻ കൊമ്പും വാറ്റുചാരായവുമായി മൂന്ന് പേർ അറസ്റ്റിൽ. ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കോങ്ങാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാൻ കൊമ്പോട് കൂടിയ തലയോട്ടിയും രണ്ടര ലിറ്റർ വാറ്റുചാരായവും 100 ലിറ്റർ വാഷും കണ്ടെത്തിയത്.

ഓണത്തോടനുബന്ധിച്ച് കയറംകോട്, നാമ്പുള്ളിപ്പുര, അത്താണിപ്പറമ്പില്‍ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാൻകൊമ്പും വാറ്റ് ചാരായവും കണ്ടെത്തിയത്. പുത്തന്‍പറമ്പ്  വീട്ടിൽ ജോൺസൺ, വലിയപറമ്പില്‍ രാധാകൃഷ്ണൻ പുതുപ്പറമ്പില്‍ തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 

തോമസിന്‍റെ പക്കൽ നിന്നും ഒരു ലിറ്റർ വാറ്റുചാരായവും, ജോൺസന്‍റെ വീട്ടിൽ നിന്നും മാൻ കൊമ്പോടു കൂടിയ തലയോട്ടിയും 100 ലിറ്റർ വാഷും, ഒന്നര ലിറ്റർ ചാരായവും കണ്ടെത്തി. റബ്ബർ തോട്ടത്തിൽ നിന്നാണ് ചാരായം വാറ്റാൻ പാകപെടുത്തിയ വാഷ് കണ്ടെത്തിയത്. മൈലംപുള്ളി മലയോര മേഖല കേന്ദ്രീകരിച്ച് അനധികൃതമായി വാറ്റ് ചാരായ വിൽപ്പന നടക്കുന്നതായി പോലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. 

പ്രതികൾക്കെതിരെ അബ്കാരി ആക്റ്റ് പ്രകാരം കേസ്സെടുത്തു. പിടികൂടിയ മാൻകൊന്പ് വനം വകുപ്പിന് കൈമാറും. ജോൺസണിന്‍റെ വീട്ടിൽ നിന്ന് മാൻ കൊമ്പ് കിട്ടയതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം നടത്തും. ജോൺസണും രാധാകൃഷ്ണനും മുന്‍പ് നിരവധി കേസുകളിൽ പ്രതികളാണ്.