ചെന്നൈ: എടിഎം കവര്‍ച്ചയെക്കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ കണ്ട് കവർച്ചയ്ക്കിറങ്ങിയ രണ്ടു പേര്‍ പിടിയില്‍. വെല്‍ഡിംഗ് യന്ത്രവുമായി എത്തി എടിഎം തകര്‍ക്കാന്‍ ശ്രമിക്കുകയും കൗണ്ടറിന് ഉള്ളിലുണ്ടായിരുന്ന ക്യാമറയില്‍ ആളെ തിരിച്ചറിയാതിരിക്കാനായി കറുത്ത പെയിന്‍റടിക്കുകയുമായിരുന്നു യുവാക്കള്‍. 

കാഞ്ചീവരം സ്വദേശികളായ ഇവര്‍ പല്ലാവരത്തെ ഒരു കോളേജിലെ വിദ്യാര്‍ത്ഥികളാണ്. യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് മോഷണം ആസൂത്രണം ചെയ്തത്. ഇതിന് വേണ്ടി ഒരു മാസത്തിലേറെയായി എടിഎം കവര്‍ച്ച ആസൂത്രണം ചെയ്യാനാരംഭിച്ചിട്ടെന്നും കവര്‍ച്ച ചെയ്യാനുള്ള എടിഎം കണ്ടെത്തിയ ശേഷം ദിവസങ്ങളോളം പ്രദേശം പഠിച്ചതായും ഇരുവരും പറ‍ഞ്ഞതായി പൊലീസ് അറിയിച്ചു.

എന്നാല്‍  മോഷണശ്രമം നടക്കുന്നതായി മനസിലാക്കിയ ബാങ്ക്  സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.