ജനുവരിയിലാണ് സ്ത്രീ ഇയാളുമായി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. ഹൃദ്രോഗമുള്ളതിനാല്‍ ഇയാളുടെ ഉപദേശം തേടിയിരുന്നു. ബന്ധം വളര്‍ന്ന് പ്രണയമായി. പിന്നീടാണ് ഇയാള്‍ തനിക്ക് സമ്മാനം അയച്ചിട്ടുണ്ടെന്ന് അറിയിച്ചത്

ബെംഗളൂരു ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത് വില കൂടിയ സമ്മാനം വാഗ്ദാനം ചെയ്ത് 80 ലക്ഷം രൂപ തട്ടിയെടുത്തതായി അമ്പതുകാരിയുടെ പരാതി. ബെംഗളൂരു സ്വദേശിയായ സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബ്രിട്ടനിലെ ഹൃദയരോഗ വിദഗ്ധനാണെന്ന് പരിചയപ്പെടുത്തിയ മാവിസ് ഹോര്‍മന്‍ എന്നയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് പണം തട്ടിയെടുത്തെന്നാണ് സ്ത്രീയുടെ പരാതിയില്‍ പറയുന്നത്. 

ജനുവരിയിലാണ് സ്ത്രീ ഇയാളുമായി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. ഹൃദ്രോഗമുള്ളതിനാല്‍ ഇയാളുടെ ഉപദേശം തേടിയിരുന്നു. ബന്ധം വളര്‍ന്ന് പ്രണയമായി. പിന്നീടാണ് ഇയാള്‍ തനിക്ക് സമ്മാനം അയച്ചിട്ടുണ്ടെന്ന് അറിയിച്ചത്. പിന്നീട് ദില്ലി വിമാനത്താവളത്തില്‍നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലര്‍ തന്നെ ബന്ധപ്പെട്ടു. ഇയാള്‍ അയച്ച കവറില്‍ 35000 പൗണ്ട് കണ്ടെത്തിയെന്നും നിയമതടസ്സമില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. 

വലിയൊരു തുകയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇവര്‍ പറഞ്ഞ തുക സ്ത്രീ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു. സംശയം തോന്നിയതിനെ തുടര്‍ന്ന് പണം അയക്കുന്നത് നിര്‍ത്തിയപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തില്‍നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.