ദില്ലി: അന്തർസംസ്ഥാന ലഹരിക്കടത്തിലെ പ്രധാനകണ്ണി ദില്ലിയിൽ പിടിയിൽ. നൈജീരീയൻ സ്വദേശി വിക്ടർ കെയിനാണ് പിടിയിലായത്. ഇയാളിൽ നിന്നും 20 ലക്ഷം രൂപ വരുന്ന കൊക്കെയിൻ ദില്ലി പൊലീസ് കണ്ടെത്തി. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് നൈജീരീയൻ സ്വദേശി പിടിയിലായത്. 

രാത്രി പെട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ പൊലീസ് കണ്ടത്.പൊലീസിനെ കണ്ടതോടെ ഇവിടെ നിന്ന് കടന്നു കളയാൻ ഇയാൾ ശ്രമിച്ചു. ഇതോടെ ഇയാളെ പിൻതുടർന്ന പൊലീസ് സംഘം കസ്റ്റഡിയിലെടുക്കയായിരുന്നു. തുടർന്ന് തിരിച്ചറിൽ രേഖ കാണിക്കാൻ ഇയാളോട് ആവശ്യപ്പെട്ടു. 

എന്നാൽ കഴിഞ്ഞ മാസം കാലാവധി തീർന്ന വിസ രേഖകളാണ് പൊലീസിന് ഇയാൾ നൽകിയത്.ഇതോടെ ഇയാളുടെ ബാഗ് പൊലീസ് പരിശോധിച്ചതോടെയാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. രണ്ടു വർഷം മുൻപ് ഇന്ത്യയിലെത്തിയ വിക്ടർ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി വസ്തുക്കൾ കടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ദില്ലിയിൽ എത്തുന്നതിന് മുൻപ് തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലാണ് ഇയാൾ കള്ളക്കടത്ത് നടത്തിയിരുന്നത്. ദില്ലിയിലെ ഒരു ഫാം ഹൗസിൽ ലഹരിപാർ‍ട്ടിക്കായി ബെംഗളൂരുവിൽ നിന്നാണ് ഇയാൾ കൊക്കെയിൻ കൊണ്ടു വന്നത്. ഇയാളിൽ നിന്നും വ്യാജ തിരിച്ചറിൽ രേഖകളും കണ്ടെത്തി. ദില്ലിയിൽ ഇയാൾ ലഹരിവസ്തുക്കൾ കൈമാറാൻ എത്തിയ സംഘത്തെ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.