ഭോപ്പാല്‍: ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുള്ള ഓഫിസര്‍ പുരുഷോത്തം ശര്‍മ്മയാണ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഭാര്യയെ മര്‍ദ്ദിച്ചത് കുറ്റമല്ലെന്നും വെറും കുടുംബ പ്രശ്‌നം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. 1986 ബാച്ച് ഉദ്യോഗസ്ഥനാണ് പുരുഷോത്തം ശര്‍മ്മ. ഭാര്യയുമായി കലഹം തുടങ്ങിയപ്പോള്‍ മുടിക്ക് പിടിച്ച് തറയില്‍ കുനിച്ചുനിര്‍ത്തിയാണ് മര്‍ദ്ദിച്ചത്.

മറ്റെ് രണ്ടുപേരെയും ദൃശ്യങ്ങളില്‍ കാണാം. ഭാര്യയെ മര്‍ദ്ദിക്കുമ്പോള്‍ വളര്‍ത്തുനായ ചുറ്റും നടന്ന് കുരക്കുന്നുണ്ടായിരുന്നു. തന്റെ കൈയിന് പറ്റിയ പരിക്കും പൊലീസുദ്യോഗസ്ഥന്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ടായിരുന്നു. മര്‍ദ്ദിക്കുന്നത് തന്റെ സ്വഭാവമാണ്. ഇത് സംബന്ധിച്ച് ഭാര്യ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതൊരു കുറ്റമൊന്നുമല്ല, കുടുംബ പ്രശ്‌നം മാത്രമാണ്. താനൊരു കുറ്റവാളിയൊന്നുമല്ല. എന്റെ ഭാര്യ എന്നെ പിന്തുടരുകയും വീട്ടില്‍ ക്യാമറ സ്ഥാപിക്കുകയും ചെയ്്തു. പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

32 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. 2008ല്‍ ഇയാള്‍ക്കെതിരെ ഭാര്യ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന് ശേഷവും ഭാര്യ തന്റെ വീട്ടില്‍ താമസിക്കുകയും എല്ലാ സുഖസൗകര്യങ്ങള്‍ അനുഭവിക്കുകയും തന്റെ പണം ഉപയോഗിച്ച് വിദേശയാത്ര നടത്തുകയും ചെയ്‌തെന്ന് ഇയാള്‍ പറഞ്ഞു. സുഹൃത്തിന്റെ മുന്നില്‍വെച്ചായിരുന്നു മര്‍ദ്ദനം.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരത്തില്‍ പെരുമാറിയത് അംഗീകരിക്കാനാകില്ലെന്നും ആരായാലും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഓഫിസ് പ്രതികരിച്ചു. ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.