കോലാലംപൂര്‍: മലേഷ്യയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. നഗ്നമായ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. 10 ദിവസം മുമ്പാണ് പെണ്‍കുട്ടി താമസിച്ചിരുന്ന റിസോര്‍ട്ടില്‍ നിന്ന് ഇവരെ കാണാതായത്. മരണകാരണം ഇതുവരെ വ്യക്തമല്ല. 

15 വയസുകാരിയായ നോറ ആന്‍ ക്വയ്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെറെമ്പാനിലെ ഡന്‍സന്‍ റെയിന്‍ഫോറസ്റ്റ് റിസോര്‍ട്ടില്‍ കുടുംബത്തിനൊപ്പമാണ് ആന്‍ എത്തിയത്. അവിടെ വച്ച് ഓഗസ്റ്റ് നാലിനാണ് ആനിനെ കാണാതായത്. മലേഷ്യന്‍ തലസ്ഥാനമായ കോലാലംപൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് റിസോര്‍ട്ട്. മൃതദേഹം പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞുവെന്ന് മലേഷ്യന്‍ പൊലീസ് അറിയിച്ചു. ഇന്ന് പെണ്‍കുട്ടിയുടെ പോസ്റ്റമോര്‍ട്ടം നടത്തും. 

റിസോര്‍ട്ടിന് രണ്ടര കിലോമീറ്റര്‍ അകലെയുള്ള അരുവിക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികം ആരോടും സംസാരിക്കുകയും ഒറ്റയ്ക്ക് പുറത്തുപോകുകയും ചെയ്യുന്ന കുട്ടിയല്ല ആന്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു. മലേഷ്യയില്‍ വച്ചുള്ള ഐറിഷ് പെണ്‍കുട്ടിയുടെ ദുരൂഹമരണം ലോകരാജ്യങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.