Asianet News MalayalamAsianet News Malayalam

മൊബൈൽ മോഷ്ടിച്ചുവെന്ന് സംശയം, എത്രപറഞ്ഞിട്ടും വിശ്വസിച്ചില്ല, 25കാരന്‍റെ നെഞ്ചിലേക്ക് നിറയൊഴിച്ച് സുഹൃത്ത്

കൊലനടത്തിയശേഷം ഒളിവില്‍പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

Jamshedpur Man Shoots Friend Over Suspicion He Stole His Phone
Author
First Published Sep 17, 2023, 8:36 PM IST

ജംഷഡ്പുര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന സംശയത്തില്‍ 25കാരനെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ഝാര്‍ഗഢിലെ ജംഷ്ഡ്പുരിലാണ് ദാരുണായ കൊലപാതം അരങ്ങേറിയത്. കൊലനടത്തിയശേഷം ഒളിവില്‍പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ജംഷഡ്പുര്‍ സ്വദേശിയായ വിശാല്‍ പ്രസാദ് (25) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വിശാല്‍ പ്രസാദിന്‍റെ സുഹൃത്തായ അഭിഷേക് ലാല്‍ ആണ് സുഹൃത്തിനെ സംശയത്തെതുടര്‍ന്ന് ദാരുണമായി കൊലപ്പെടുത്തിയത്. 

അഭിഷേകിന്‍റെ ഫോണ്‍ കാണാതായതാണ് സംഭവങ്ങളുടെ തുടക്കമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഫോണ്‍ നഷ്ടമായതോടെ അസ്വസ്ഥനായ അഭിഷേക് വിശാലുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഫോണ്‍ വിശാല്‍ മോഷ്ടിച്ചതാകാമെന്നായിരുന്നു അഭിഷേക് സംശയിച്ചത്. ജംഷഡ്പുരിലെ റാണികുദര്‍ സ്വദേശിയായ അഭിഷേക് ശനിയാഴ്ച രാവിലെ വിശാലിന്‍റെ വീട്ടിലെത്തി ഫോണ്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഫോണ്‍ താന്‍ മോഷ്ടിച്ചിട്ടില്ലെന്നും തന്‍റെ കൈവശമില്ലെന്നും വിശാല്‍ പറഞ്ഞെങ്കിലും അഭിഷേക് വിശ്വസിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. 

അവിടെനിന്നും മടങ്ങിയ അഭിഷേക് ശനിയാഴ്ച രാത്രി വിശാലിനെ വീണ്ടും വിളിച്ചു. തുടര്‍ന്ന് രാംദാസ് ഭട്ടയിലേക്ക് കൂട്ടികൊണ്ടുപോയി. ഇവിടെവെച്ചും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. കാര്യമായ പ്രകോപനമൊന്നമില്ലാതെ അഭിഷേക് കൈവശം കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വിശാലിന്‍റെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിശാലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയായ അഭിഷേകിനെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായി ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചതായും നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ബൈക്ക് പാഞ്ഞുകയറി 17കാരി മരിച്ച സംഭവം; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടിയത് ഏറ്റുമുട്ടലിലൂടെ

 

Follow Us:
Download App:
  • android
  • ios