തിരുവനന്തപുരം: ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം  ജയമോഹന്‍ തമ്പിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമായതോടെ അന്വേഷണം ചെന്നെത്തിയത് മകന്‍ അശ്വിനിലേക്ക്. നെറ്റിയില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ അശ്വിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. മറ്റൊരാളുടെയും സഹായമുണ്ടായിരുന്നില്ലെന്നും പ്രതി അശ്വിന്‍ മാത്രമാണെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 

തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം മണക്കാട്‌ മുക്കോലക്കൽ ദേവി ക്ഷേത്രത്തിന്‌ സമീപത്തെ വീട്ടില്‍ ജയമോഹന്‍ തമ്പിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം ശനിയാഴ്ച രാവിലെ വീട്ടിൽ മാലിന്യം ശേഖരിക്കാനെത്തിയ സ്ത്രീയാണ് തമ്പിയെ അവസാനമായി വീടിന് പുറത്തുകണ്ടത്. നാല് ദിവസം തുടര്‍ച്ചയായി ജയമോഹനും മകന്‍ അശ്വിനും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ മദ്യലഹരിയില്‍ അച്ഛനും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ കയ്യാങ്കളിയിലെത്തുകയും തമ്പിയുടെ തല അശ്വിന്‍ ഭിത്തിയിലടിക്കുകയും ചെയ്തു. ഇതോടെ തമ്പി നിലത്തുവീണു. 

അച്ഛനെ മര്‍ദ്ദിച്ചതിന് ശേഷം അശ്വിന്‍ വീണ്ടും മദ്യം വാങ്ങാന്‍ പുറത്തുപോയി. തിരികെ വന്നപ്പോഴും തമ്പി അബോധാവസ്ഥയില്‍ നിലത്തുകിടക്കുന്നതാണ് അശ്വിന്‍ കണ്ടത്. നിലത്തുകിടന്ന തമ്പിയെ വലിച്ചിഴച്ച് അകത്തെ ഹാളില്‍ കൊണ്ടിട്ട അശ്വിന്‍ മദ്യപാനം തുടര്‍ന്നു. തിങ്കളാഴ്ച രാവിലെ മാലിന്യം ശേഖരിക്കാനെത്തിയ കുടുംബശ്രീ പ്രവര്‍ത്തക തമ്പിയെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് തിരഞ്ഞപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പണത്തെച്ചൊല്ലിയാണ് തമ്പിയും അശ്വിനും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് പൊലീസ് ഭാഷ്യം. ജയമോഹന്‍റെയും അശ്വിന്‍റെയും കൂടെ മറ്റൊരാള്‍ കൂടി മദ്യപിക്കാനുണ്ടായിരുന്നെന്നും എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി. മദ്യലഹരിയില്‍ അശ്വിന്‍, തമ്പിയെ ഭിത്തിയില്‍ ഇടിച്ചതും ഇടിയുടെ ആഘാതത്തില്‍ തമ്പി താഴെ വീണതുമാണ് മരണകാരണമെന്നാണ് നിഗമനം. നെറ്റിയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തമ്പിക്കൊപ്പം താമസിച്ചിരുന്ന മകന്‍ അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് പിന്നാലെ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു.