റാഞ്ചി: ജാർഖണ്ഡിൽ ദിവസങ്ങൾക്ക് മുമ്പ് തലയറുത്ത നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ശരീരഭാ​ഗങ്ങൾ ലഭിച്ചതായി പൊലീസ്. ജനുവരി മൂന്നിനാണ് റാഞ്ചിയിലെ ഓർമാഞ്ജി ഭാ​ഗത്തുനിന്ന് കൊല്ലപ്പെട്ട നിലയിൽ സത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് തല ഉണ്ടായിരുന്നില്ല. കൊലപാതകത്തിന്റെ മുഖ്യപ്രതിയായ ഷെയ്ഖ് ബിലാന്റെ ഭൂമിയിൽ നിന്നാണ് ഛേദിക്കപ്പെട്ട തല കണ്ടെത്തിയത്. റാഞ്ചിയിലെ തന്നെ ചാന്ദ്‍വെയിലെ റെയിൽവെ ട്രാക്കിന് സമീപത്തെ പാടത്ത് മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം. പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്. ബിലാലിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

കൊല്ലപ്പെട്ട സൂഫിയയും ബിലാലും പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ലിവ് ഇൻ റിലേഷനിലായിരുന്നു. സൂഫിയയുമായി ബന്ധം ആരംഭിക്കുന്നതിന് മുമ്പ് ബിലാൽ വിവാഹിതനായിരുന്നു. സൂഫിയയും നേരത്തേ വിവാഹം ചെയ്തിരുന്നുവെങ്കിലും ഇരുവരും അധികം വൈകാതെ വേർപിരി‍ഞ്ഞു. തുടർന്നാണ് ബിലാലുമായി സൗഹൃ​ദം ആരംഭിക്കുന്നത്. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചു. ഒരുതവണ ബിലാലിൽ നിന്ന് മർദ്ദനം നേരിട്ട സൂഫിയ പിതോറിയ പൊലീസിൽ പരാതി നൽകിയിരുന്നു. ബിലാലിൽ നിന്ന് പൊലീസ് പിസ്റ്റൾ കണ്ടെടുക്കുകയും കേസിൽ ജയിലിൽ ആകുകയും ചെയ്തിരുന്നു. 

ഇതിനെ തുടർന്ന് ബിലാൽ സൂഫിയയെ കൊല്ലാൻ ആദ്യ ഭാര്യയുമൊത്ത് പദ്ധതിയിട്ടു. കൊലപാതകത്തിൽ ബിലാലിന്റെ ആദ്യ ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നാണ് കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസിന് വ്യക്തമായത്. സൂഫിയയുടെ തല റുത്തെടുത്ത് മറവുചെയ്ത സ്ഥലവും ലഭിച്ചത് ബിലാലിന്റെ ആദ്യഭാര്യയുടെ മൊഴിയിൽ നിന്നാണ്. സംഭവത്തിന് പിന്നാലെ ജാർഖണ്ഡിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതിൽ ഹേമന്ത് സോറൻ സർക്കാർ പരാജയപ്പെട്ടുവെന്ന്  ബിജെപി ആരോപിച്ചു.