മുർഷിദാബാദ്: പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം നടന്ന ക്രൂരമായ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ്. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ബൊന്ധു ഗോപാൽ പാലും എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ ബ്യൂട്ടിയും എട്ട് വയസുകാരനായ മകനും കൊല്ലപ്പെട്ടത് രാഷ്ട്രീയ വിരോധം കൊണ്ടെന്നായിരുന്നു ബിജെപി ആരോപിച്ചത്.

ജിയാഗഞ്ചിലെ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് മൂവരുടെയും മൃതദേഹം കണ്ടത്. മൂന്ന് പേർക്കും ശരീരത്തിൽ മാരകമായി വെട്ടേറ്റിരുന്നു. 

സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ബംഗാളിലെ മുൻനിര ബിജെപി നേതാക്കൾ തന്നെ പ്രചരിപ്പിച്ചു.  ആഴ്ചയിലൊരിക്കൽ നടക്കുന്ന ആർഎസ്എസ് യോഗത്തിൽ രണ്ട് മാസമായി പങ്കെടുക്കുന്നയാളായിരുന്നു ബൊന്ധുവെന്നായിരുന്നു ബിജെപി നേതാവ് സമ്പിത് പത്ര ഇന്നലെ പറഞ്ഞത്.

എന്നാൽ ഗോപാലിന്റെ സഹോദരി പ്രിയ പൊലീസിന് നൽകിയ മൊഴിയിൽ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് പറയുന്നത്. മുർഷിദാബാദ് പൊലീസ് സൂപ്രണ്ടും കൊലപാതകങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന വാദം തള്ളി. കൊലപാതകത്തിന് പിന്നിൽ മൂന്ന് കാരണങ്ങളാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബ്യൂട്ടി എഴുതിയതെന്ന് സംശയിക്കുന്ന ഒരു കത്ത് വീട്ടിൽ നിന്നും കിട്ടിയിരുന്നു. അതിൽ ഭർത്താവായ ബൊന്ധുവിന് അവിഹിത ബന്ധമുണ്ടെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. മറ്റൊന്ന് ബൊന്ധുവും അർദ്ധസഹോദരങ്ങളും തമ്മിലുള്ള സ്വത്ത് തർക്കമാണ്. ഒന്നര മാസമായി കാണാനില്ലാത്ത ബൊന്ധുവിന്റെ ഒരു സുഹൃത്തിനെ ചുറ്റിപ്പറ്റിയാണ് മൂന്നാമത്തെ സംശയം. ഇയാൾ ബൊന്ധുവിന്റെ പക്കൽ നിന്നും ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

ബൊന്ധുവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ പഴയ പോസ്റ്റുകളിൽ വിശ്വാസം തകർന്നതിനെ കുറിച്ചും തന്നെ ചിലർ പിന്തുടരുന്നതായും പറയുന്നതാണ്. 

കഴിഞ്ഞ ദിവസം രാവിലെ മൂവരുടെയും മൃതദേഹങ്ങൾ ആദ്യം കണ്ട പാൽക്കാരന്റെ മൊഴിയിൽ, കൊലയാളിയെന്ന് സംശയിക്കുന്ന ഒരാളെ കണ്ടതായി പറയുന്നുണ്ട്. ഇതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ഈ കൊലപാതകം സംസ്ഥാനത്ത് ആളിക്കത്തിക്കാനാണ് ബിജെപിയുടെ ശ്രമം. പൊലീസ് ഈ കേസ് സുതാര്യമായി അന്വേഷിക്കണമെന്ന് ഗവർണർ കൂടി ആവശ്യപ്പെട്ടതോടെ മമത ബാനർജി സർക്കാരും പൊലീസും കൂടുതൽ സമ്മർദ്ദത്തിലായിട്ടുണ്ട്.