വടകര: കൂടത്തായി കൊലപാതകപരമ്പരയിൽ മുഖ്യപ്രതി ജോളിയും സഹായികളായ രണ്ട് പേരും അറസ്റ്റിൽ. ജോളിയ്ക്ക് സയനൈഡ് എത്തിച്ച് നൽകിയ ജ്വല്ലറി ജീവനക്കാരൻ മാത്യുവിനെയും സ്വർണ്ണപ്പണിക്കാരൻ പ്രജുകുമാറിനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. കൊല നടത്തിയത് താൻ തന്നെയാണെന്ന മൊഴിയാണ് ജോളി ആവർത്തിക്കുന്നത്. സയനൈഡ് എത്തിച്ച് നൽകിയത് താൻ തന്നെയാണെന്ന് മാത്യുവും സമ്മതിച്ചിട്ടുണ്ട്. ജോളിയുടെയും മുൻഭർത്താവ് റോയ് തോമസിന്‍റെയും മക്കളെയും ജോളിയുടെ സഹോദരനെയും വടകര റൂറൽ എസ്‍പി ഓഫീസിലെത്തിച്ച് വിവരങ്ങൾ ആരാഞ്ഞു. 

ജോളിയുടെ ബന്ധുവാണ് അറസ്റ്റിലായിരിക്കുന്ന ജ്വല്ലറി ജീവനക്കാരൻ മാത്യു. വർഷങ്ങൾക്ക് മുമ്പാണ് സയനൈഡ് എത്തിച്ച് നൽകിയതെന്നാണ് മാത്യു മൊഴി നൽകിയിരിക്കുന്നത്. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് സയനൈഡ് കൊടുത്തതെന്നും മാത്യു. 

അതേസമയം, ആറ് കൊലപാതകങ്ങൾ മാത്രമല്ല, ഏഴാമതൊരു കൊലപാതകത്തിന് കൂടി ശ്രമിച്ചിരുന്നുവെന്നാണ് ജോളി പൊലീസിന് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. മുൻ ഭർത്താവ് റോയ് തോമസിന്‍റെ സഹോദരി റെൻജിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ആ പദ്ധതി പാളിപ്പോയി എന്നാണ് ജോളി മൊഴി നൽകിയിരിക്കുന്നത്.

കൂടത്തായിയിലെ വീട്ടിൽ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് കൊണ്ടുപോയ ഓരോ ഇടത്തും ജോളി വിങ്ങിപ്പൊട്ടുന്നത് കാണാമായിരുന്നു. ഇന്നലെ വീട്ടിലെത്തിയ ബന്ധുവിനോട് തനിയ്ക്ക് തെറ്റ് പറ്റിയെന്ന് കരഞ്ഞുകൊണ്ട് ജോളി സമ്മതിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെ, ജോളിയെ കസ്റ്റഡിയിലെടുക്കാതെ, വീട്ടിലെത്തി വിശദമായ മൊഴിയെടുത്ത്, പിന്നീട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെയെത്തി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ കസ്റ്റഡിയിലെടുക്കുകയും, പിന്നീട് തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്തത്. 

'എല്ലാം ഞാൻ ചെയ്തു' 

കൊലപാതകങ്ങളെല്ലാം താൻ മാത്രമാണ് ചെയ്തതെന്നാണ് തുടർച്ചയായി ജോളി പൊലീസിനോട് പറയുന്നത്. തന്‍റെ ഇപ്പോഴത്തെ ഭർത്താവായ ഷാജു സ്കറിയയ്ക്ക് ഇതിൽ പങ്കില്ലെന്ന് ജോളി ആവർത്തിക്കുന്നു. ജോളിയുടെ ഭർതൃപിതാവ് ടോം തോമസിന്‍റെ സഹോദരന്‍റെ മകനാണ് ഷാജു സ്കറിയ. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു.

2016-ലാണ് സിലി മരിക്കുന്നത്. ഇതിന് ശേഷം ജോളിയെ ഷാജു വിവാഹം കഴിക്കുകയായിരുന്നു. അതായത് ഭാര്യയും പത്ത് മാസം പ്രായമുള്ള കുഞ്ഞും മരിച്ച് ഒരു വർഷവും ഒരു മാസവും കഴിഞ്ഞ ശേഷം 2017-ൽ ഷാജുവും ജോളിയും വിവാഹിതരായി.

ജോളിയ്ക്ക് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരൻ മാത്യു അകന്ന ബന്ധുവാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ കൊലപാതകങ്ങളെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യത്തിൽ വിശദമായ വിവരങ്ങൾ ഇനിയും പൊലീസ് പുറത്തുവിട്ടിട്ടില്ല. താമരശ്ശേരിയിൽ നിന്ന് വടകര റൂറൽ എസ്‍പി ഓഫീസിൽ ജോളിയ്ക്ക് പിന്നാലെ ജ്വല്ലറി ജീവനക്കാരനെയും പൊലീസ് എത്തിച്ചു. ''നിങ്ങൾ പറഞ്ഞ ആ അയാൾ ഇത് തന്നെയാണോ'' എന്ന് ജോളിയോട് പൊലീസ് ചോദിച്ചു. ''അതെ'' എന്ന് മാത്രം ഒറ്റ വാക്കിൽ മറുപടി. 

Read more at: 14 വർഷങ്ങൾ കൊണ്ട് 6 കൊലപാതകങ്ങൾ, സംശയമുന ജോളിയ്ക്ക് നേരെ നീണ്ടതെങ്ങനെ?...

ഇതിന് പിന്നാലെ ജോളിയെയും ജ്വല്ലറി ജീവനക്കാരനെയും വെവ്വേറെ ചോദ്യം ചെയ്യുകയാണ് പൊലീസ് ഇപ്പോൾ. വെവ്വേറെ ചോദ്യം ചെയ്ത് മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം, ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. വൈരുദ്ധ്യങ്ങൾ കണ്ടെത്തി അത് വച്ച് കൂടുതൽ കുരുക്ക് മുറുക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. 

ഇയാളെ മാപ്പ് സാക്ഷിയാക്കണോ, ഇയാൾക്ക് അതിനെക്കുറിച്ച് അറിവുണ്ടോ എന്നതിലൊന്നും പൊലീസ് ഇപ്പോഴൊരു വിശദീകരണം നൽകുന്നില്ല. ജോളിയ്ക്ക് വിൽപത്രമുണ്ടാക്കി നൽകിയ ആളെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

Koodathai serial death crime branch get evidence report