കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് തന്നെ ചതിച്ചതാണെന്ന് സിപിഎം പ്രാദേശിക നേതാവ് മനോജ്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാൻ വിളിച്ചതെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു. താൻ ഒപ്പിട്ടത് മുദ്രപത്രത്തിലൊന്നുമല്ല, വെറും വെള്ളക്കടലാസിലാണ്. എൻഐടി ലക്ചററാണ് എന്ന് ജോളി സ്വയം പരിചയപ്പെടുത്തിയിരുന്നു. നാട്ടിലെല്ലാവരും പറഞ്ഞിരുന്നത് അവർ എൻഐടി അധ്യാപികയാണെന്ന് തന്നെയാണ്. 2007-ൽ ആദ്യ ഭർത്താവ് റോയിക്കും മക്കൾക്കും ഒപ്പം ജോളി സ്ഥലം നോക്കാൻ എൻഐടിയ്ക്ക് അടുത്ത് വന്നിരുന്നു. അങ്ങനെയാണ് ജോളിയെ ആദ്യം പരിചയപ്പെടുന്നതെന്നും മറ്റ് ഒരു പരിചയവുമില്ലെന്നും മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എൻഐടിയ്ക്ക് അടുത്ത് കട്ടാങ്ങലിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് മനോജ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് കാട്ടി ഇന്നലെ സിപിഎം മനോജിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പണം വാങ്ങി വ്യാജ ഒസ്യത്തിൽ ഒപ്പിട്ടു കൊടുത്തു എന്നാണ് മനോജിനെതിരെ ഉയർന്ന ആരോപണം.

മനോജിന്‍റെ വാക്കുകൾ ഇങ്ങനെ..

''‍ഞാനീ കേസിൽ നിരപരാധിയാണ്. ഒരു തവണയാണ് എന്നെ പൊലീസ് വിളിപ്പിച്ചിട്ടുള്ളത്. ഒസ്യത്ത് വ്യാജമാണെന്ന് അറിയാതെയാണ് ഞാൻ ഒപ്പുവച്ചത്. ഒപ്പിട്ടത് ഒരു വെള്ളക്കടലാസിലായിരുന്നു. അത് മുദ്രപ്പത്രമായിരുന്നില്ല. അതിലൊന്നും എഴുതിയിട്ടുമുണ്ടായിരുന്നില്ല. തനിക്കൊപ്പം ഒപ്പിട്ട എൻഐടി ജീവനക്കാരൻ മഹേഷ് ഇപ്പോഴത് തള്ളിപ്പറയുന്നതിനെക്കുറിച്ചൊന്നും പറയാനില്ല. തന്‍റെ വ്യാജ ഒപ്പാണെന്ന് മഹേഷ് പറയുന്നതിനെക്കുറിച്ചും ഒന്നും പറയാനില്ല. അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും പുറത്ത് പറയേണ്ടെന്നാണ് പൊലീസും അഭിഭാഷകരും എന്നോട് പറഞ്ഞിരിക്കുന്നത്.

എൻഐടിയിലെ ലക്ചററാണന്ന് പറഞ്ഞാണ് ജോളിയെ പരിചയം. 2007-ൽ ആദ്യ ഭർത്താവ് റോയ് തോമസിനും മക്കൾക്കുമൊപ്പം എൻഐടിയ്ക്ക് അടുത്ത് വീട് വയ്ക്കാൻ സ്ഥലം നോക്കി വന്നിരുന്നു. രണ്ട് മൂന്ന് തവണ വന്നു. അങ്ങനെയാണ് അവരെ പരിചയപ്പെട്ടത്. അന്ന് ആ വസ്തുക്കളൊന്നും അവർ വാങ്ങിയില്ല. 

പക്ഷേ പിന്നീട് അവരെന്നെ വിളിച്ച് ഭൂമിയുമായി ബന്ധപ്പെട്ട ഒരു ഒസ്യത്തിൽ സാക്ഷിയായി ഒപ്പിടണമെന്ന് പറഞ്ഞു. അവർ എൻഐടിയിലെ അധ്യാപികയാണെന്നാണ് നാട്ടുകാരൊക്കെ പറയാറ്. അതിനാൽ സംശയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഒപ്പു വച്ചു. അത് പക്ഷേ അതൊരു വെള്ളക്കടലാസായിരുന്നു. പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ട്. പൊലീസന്വേഷണത്തോട് സഹകരിക്കും'', എന്ന് മനോജ്.

എന്താണ് ആരോപണം?

ജോളിയിൽ നിന്ന് പണം വാങ്ങി വ്യാജ ഒസ്യത്തിൽ ഒപ്പുവച്ചു എന്നതാണ് മനോജിനെതിരെ ഉയർന്ന ആരോപണം. ഈ സാഹചര്യത്തിലാണ് മനോജ് പാർട്ടി നടപടി നേരിട്ടതും. 

ഒസ്യത്തിൽ മനോജിന്‍റെ കൂടെ ഒപ്പുവച്ചതായി കാണപ്പെടുന്ന എൻഐടിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മഹേഷ് അത് തന്‍റെ ഒപ്പല്ലെന്നാണ് ഇന്നലെ വെളിപ്പെടുത്തിയത്. അത് താൻ തന്നെയാണ് ഒപ്പിട്ടതെന്ന് പറയാൻ മനോജ് പറഞ്ഞതായും, രാഷ്ട്രീയനേതാവ് പറയുന്നതല്ലേ എന്ന് കരുതി ആദ്യം പൊലീസിനോട് അങ്ങനെ പറഞ്ഞതായും മഹേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതല്ലെന്നും തനിയ്ക്ക് ജോളിയെ പരിചയം പോലുമില്ലെന്നുമാണ് മഹേഷ് ഇപ്പോൾ പറയുന്നത്.