കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് രണ്ട് കുട്ടികളെക്കൂടി കൊല്ലാൻ ശ്രമിച്ചിരുന്നെന്ന് എസ് പി കെ ജി സൈമൺ. തഹസിൽദാർ ജയശ്രീയുടെ മകളെയും ആദ്യഭർത്താവ് റോയ് തോമസിന്‍റെ സഹോദരി റെഞ്ചിയുടെ മകളെയുമാണ് കൊല്ലാൻ ശ്രമിച്ചത്. അത് പാളിപ്പോവുകയായിരുന്നു. ഒന്നര വയസ്സുള്ളപ്പോഴാണ് ജയശ്രീയുടെ മകളെ ജോളി കൊല്ലാൻ ശ്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

ഗുരുതരമായ സ്ഥിതിയിലേക്കാണ് കേസ് പോകുന്നതെന്നും, ഇപ്പോൾ പിടികൂടിയത് കൊണ്ടാണ് കൊലപാതക പരമ്പര ഇവിടെ അവസാനിച്ചതെന്നും എസ്പി കെ ജി സൈമൺ പറഞ്ഞു. ''സത്യം പറഞ്ഞാൽ ഇത് വല്ലാത്ത സംഭവമാണ്. സീരിയസ് കേസാണ്. എല്ലാ തരത്തിലും കേസുകൾ അന്വേഷിച്ച് വരികയാണ്. രണ്ട് വീടുകളിലെ കുട്ടികളെക്കൂടി ജോളി കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. മുൻ കോൺഗ്രസ് നേതാവായിരുന്ന രാമകൃഷ്ണന്‍റെ മകൻ രോഹിത് നൽകിയ പരാതിയും ഗൗരവതരമായിത്തന്നെ അന്വേഷിക്കും'', എന്ന് കെ ജി സൈമൺ. 

തഹസിൽദാർ ജയശ്രീ കൂടി അറിഞ്ഞുകൊണ്ടാണ് വ്യാജ ഒസ്യത്തിന്‍റെ അടിസ്ഥാനത്തിൽ റോയ് തോമസിന്‍റെ അച്ഛൻ ടോം തോമസിന്‍റെ സ്ഥലത്തിന്‍റെ വസ്തുവിന്‍റെ നികുതി അടച്ച രശീതിയടക്കം സ്വന്തമാക്കിയതെന്നാണ് പൊലീസിന് ജോളി നൽകിയിരിക്കുന്ന മൊഴി. പല സാമ്പത്തിക ഇടപാടുകളിലും ജോളിയുമായി ജയശ്രീയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ജോളി പറയുന്നു.

ജയശ്രീയ്ക്ക് വേണ്ടി എന്ന് പറഞ്ഞാണ് ജോളി ജ്വല്ലറി ജീവനക്കാരനായ മാത്യുവിൽ നിന്ന് സയനൈഡ് വാങ്ങുന്നത്. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നാണ് പറഞ്ഞത്. ജയശ്രീയും തന്നോട് നേരിട്ട് സയനൈഡ് തരണം എന്നാവശ്യപ്പെട്ടിരുന്നു. എത്ര അളവിൽ കൊടുത്തു എന്ന കാര്യം മാത്യു ഓർക്കുന്നില്ലെന്നും പൊലീസിന് മൊഴി നൽകിയിരുന്നു. 

വാർത്ത കാണാം: ജോളി സയനൈഡ് ആവശ്യപ്പെട്ടത് തഹസില്‍ദാര്‍ ജയശ്രീക്ക് വേണ്ടിയാണെന്ന് മാത്യു

ജോളിയുടെ ഫോൺ എവിടെ?

ജോളിയുടെ ഫോൺ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. ഫോൺ ശേഖരിയ്ക്കാൻ ഷാജുവിന്‍റെ വീട്ടിലെത്തിയ അന്വേഷണസംഘത്തിന് ജോളിയുടെ ഫോൺ കണ്ടെത്താനായില്ല. ജോളിയും ഷാജുവും താമസിച്ചിരുന്ന പൊന്നാമറ്റം വീട് പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു. ഇവിടെ നിന്നും ഫോൺ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.

ഫോൺ നിർണായക തെളിവാണെന്നാണ് പൊലീസ് സംഘം വ്യക്തമാക്കുന്നത്. ജോളിയുടെ ഫോൺ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം തുടങ്ങിയ ശേഷം ഇതിൽ നിന്ന് ഏറ്റവും കൂടുതൽ കോളുകൾ പോയിരിക്കുന്നത് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസന്‍റെ നമ്പറിലേക്കാണ്. എന്നാൽ തനിയ്ക്ക് പങ്കൊന്നുമില്ല ഈ കേസിൽ എന്നാണ് ജോൺസൺ പറയുന്നത്. 

ജോൺസൺ പറയുന്നത് കാണാം: 'ഒളിച്ചും പാത്തുമല്ല, നേരെ തന്നെയാണ് പൊന്നാമറ്റത്തിലേക്ക് പോയിരുന്നത്'; ജോൺസൺ