ഇടുക്കി/കോഴിക്കോട്: കൂടത്തായി മരണപരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ജോളിക്ക് സാമ്പത്തികപ്രതിസന്ധിയുണ്ടായിരുന്നെന്ന് അച്ഛന്‍ ജോസഫ് പറഞ്ഞു. രണ്ടാഴ്ച മുമ്പും ജോളി കട്ടപ്പനയിലെ വീട്ടിലെത്തിയിരുന്നു. ഷാജുവുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് ജോളി തന്നെയാണ്. ജോളിയെക്കുറിച്ചോ മരണങ്ങളെക്കുറിച്ചോ സംശയമുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ എല്ലാ സത്യവും പുറത്തുവരട്ടെയെന്നും ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തത് ജോളിയാണ്. തനിക്ക് വിവാഹം കഴിക്കണമെന്ന് പറഞ്ഞു. തുടര്‍ന്ന് ഷാജുവിന്‍റെ വീട്ടുകാര്‍ വന്ന് ആലോചിച്ചു. അങ്ങനെയാണ് വിവാഹം നടന്നത്. സ്വത്തുക്കള്‍ ജോളിയുടെ പേര്‍ക്ക് ഒസ്യത്ത് എഴുതിവച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. അത് പക്ഷേ തങ്ങളാരും കണ്ടിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

അതേസമയം, കൂടത്തായിയിലെ മരണങ്ങളില്‍ ദുരൂഹതയില്ലെന്ന് ഷാജുവിന്‍റെ അമ്മ പ്രതികരിച്ചു. ജോളി അങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ല. ആരോപണങ്ങളെല്ലാം കെട്ടുകഥകളാണെന്നും അവര്‍ പറഞ്ഞു.

എല്ലാം ആള്‍ക്കാര് പറഞ്ഞുണ്ടാക്കുന്നതാണ്. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നത് ശരിയാണ്. അല്ലാതെ ജോളി അങ്ങനെയൊന്നും ചെയ്യില്ല. ജോളി എല്ലാവരെയും സഹായിക്കുന്ന ആളാണ്. അന്ന് കുഞ്ഞിനെയും കൊണ്ട് സിലിക്കൊപ്പം ആശുപത്രിയിലേക്ക് പോയത് ജോളിയാണ്. റോയി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് അറിയില്ലായിരുന്നു. ഹൃദയാഘാതമായിരുന്നെന്നാണ് ജോളി പറഞ്ഞത്. അതേ തങ്ങള്‍ക്ക് അറിയൂ.

സിലിയുടെ കുഞ്ഞിന് വൃക്കയ്ക്ക് അസുഖമുണ്ടായിരുന്നു. അന്ന് വയ്യാതായപ്പോ പെട്ടന്ന് ഫിറ്റ്സ് പോലെ വന്നു. കുഞ്ഞിന്‍റെ ആശുപത്രി റിപ്പോര്‍ട്ടൊക്കെ വീട്ടിലുണ്ട്. ഇതിപ്പോ എല്ലാം റോയിയുടെ സഹോദരന്‍ റോജോയുടെ പണിയാണ്. റോയി മരിച്ചപ്പോഴോ അതിനു ശേഷമോ റോജോ എന്താണ് പരാതി കൊടുക്കാഞ്ഞത്. ശവമടക്കിനൊക്കെ റോജോ ഉണ്ടായിരുന്നു. അന്നൊന്നും ഇല്ലാത്ത സംശയം ഇപ്പോ സ്വത്തിന്‍റെ കാര്യം വന്നപ്പോ ഉണ്ടായതെങ്ങനെയാണെന്നും ഷാജുവിന്‍റെ അമ്മ ചോദിച്ചു.