Asianet News MalayalamAsianet News Malayalam

കാറില്‍ നിന്ന് ബോട്ടില്‍ പുറത്തേക്കെറിഞ്ഞത് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകനു നേരേ ആക്രമണശ്രമം; പരാതി നല്‍കി

തൃപ്പൂണിത്തുറ പുതിയകാവ് ഭാഗത്തുവച്ചാണ് കാറില്‍ വന്ന സംഘം അസഭ്യവര്‍ഷവും വധഭീഷണിയും നടത്തുകയും ചെയ്തതതെന്ന് പരാതിയില്‍ പറയുന്നു. ഇത് കൂടാതെ ബൈക്കില്‍ പോവുകയായിരുന്ന കിരണിനെ കാറിടിപ്പിച്ച് അപായപ്പെടുത്താനും ഇവര്‍ ശ്രമിച്ചു

journalist attacked in puthiyakavu
Author
Udayamperoor, First Published Feb 24, 2021, 8:45 PM IST

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് ജ്യൂസ് ബോട്ടില്‍ പുറത്തേക്കെറിഞ്ഞത് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകനു നേരേ ആക്രമണശ്രമം. ചൊവ്വാഴ്ച്ച രാത്രി ജോലികഴിഞ്ഞ് വൈക്കത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുപ്രഭാതം ദിനപത്രത്തിന്റെ കൊച്ചി ലേഖകന്‍ കിരണ്‍ പുരുഷോത്തമന് നേരെയാണ് കാറില്‍വന്ന സംഘം ആക്രമണം നടത്തിയത്.

കിരണ്‍ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തൃപ്പൂണിത്തുറ പുതിയകാവ് ഭാഗത്തുവച്ചാണ് കാറില്‍ വന്ന സംഘം അസഭ്യവര്‍ഷവും വധഭീഷണിയും നടത്തുകയും ചെയ്തതതെന്ന് പരാതിയില്‍ പറയുന്നു. ഇത് കൂടാതെ ബൈക്കില്‍ പോവുകയായിരുന്ന കിരണിനെ കാറിടിപ്പിച്ച് അപായപ്പെടുത്താനും ഇവര്‍ ശ്രമിച്ചു.

രാത്രി വൈകി വീട്ടിലേക്ക് പോകവേ തൃപ്പൂണിത്തുറ മിനിബൈപ്പാസില്‍വച്ച് KL-36-C-9844  എന്ന നമ്പരിലുള്ള വാഹനത്തില്‍ സഞ്ചരിച്ചിരുന്ന അക്രമി സംഘം ജ്യൂസ് ബോട്ടില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇത് ബൈക്കില്‍ വരികയായിരുന്ന കിരണിന് നേരെ വന്നെങ്കിലും ബൈക്ക് വെട്ടിച്ച് മാറ്റിയാണ് രക്ഷപെട്ടത്.

ഇതേതുടര്‍ന്ന് പുതിയകാവ് ഭാഗത്ത് വച്ച് കാറില്‍ സഞ്ചരിച്ചവരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് അസഭ്യവര്‍ഷവും വധഭീഷണിയും മുഴക്കിയത്. തുടര്‍ന്ന് മുന്നോട്ട് പോവുകയായിരുന്ന കിരണിന്റെ ബൈക്കില്‍ കാറിടിപ്പിച്ച് അപായപ്പെടുത്താനും ഇവര്‍ ശ്രമിച്ചതായി കിരണ്‍ പറഞ്ഞു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയതായും കാര്‍ ഓടിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും ഉദയംപേരൂര്‍ എസ്ഐ ബിജു എസ് വി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios