മഞ്ചേരി: ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നി മഴുകൊണ്ട് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്‍റെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിച്ചു. കുഴിമണ്ണ ആക്കപ്പറമ്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയൻ പൂലാട്ട് ഉലാം അലി (54) ആണ് പ്രതി.  2017 നവംബർ 22ന് വൈകീട്ട് അഞ്ചരക്കാണ് കേസിന്നാസ്പദമായ സംഭവം.  

പ്രതിയുടെ ഭാര്യയും ആക്കപ്പറമ്പ് മേൽമുറി പുളിയക്കോട് മുതീരി കോമുക്കുട്ടിയുടെ മകളുമായ ഖദീജ (41) ആണ് കൊല്ലപ്പെട്ടത്. ഏഴ് മക്കളുള്ള ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നു. ഇരു കുടുംബങ്ങളും തമ്മിൽ വഴക്ക് തീർക്കാനായി പലതവണ ചർച്ചകൾ നടത്തിയിരുന്നു. സംഭവ ദിവസം വഴക്ക് രൂക്ഷമാവുകയും മാനസിക അസ്വസ്ഥതയുള്ള പ്രതി കദീജയെ മർദ്ദിക്കുകയും ചെയ്തു. 

തുടർന്ന് ഇറങ്ങിയോടിയ കദീജയെ പിന്തുടർന്നെത്തിയ പ്രതി വീടിനടുത്തുള്ള പറമ്പിൽ വച്ച് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. തലയ്ക്ക് വെട്ടേറ്റ് തലയോട്ടി പിളർന്ന നിലയിലായിരുന്ന വീട്ടമ്മയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി സി ഐ  എൻ ബി ഷൈജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.