തിരുവനന്തപുരം: കഠിനംകുളം പീഡനത്തിന് ഇരയായ വീട്ടമ്മയുടെ ഭർത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് അൻസാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു.

ഭർത്താവാണ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. ഇതിന് ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. പിന്നീടാണ് ബലാത്സംഗ ശ്രമം നടന്നത്.

ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു ഇത്. നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. തുടര്‍ന്നായിരുന്നു ബലാത്സംഗത്തിന് ശ്രമിച്ചത്.

Read More: തിരുവനന്തപുരത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം കുടിപ്പിച്ച് പീഡനം; യുവതി അബോധാവസ്ഥയില്‍

രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ.