യുവതിയുടെ ഭർത്താവുൾപ്പടെ എല്ലാ പ്രതികൾക്കു എതിരെയും പോക്‌സോ ചുമത്തും. കുട്ടിയുടെ മുമ്പിൽ വെച്ച് പീഡിപ്പിച്ചതിനാണ് പോക്‌സോ ചുമത്തുന്നത്

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ ഭര്‍ത്താവ് അടക്കം ഏഴ് പേര്‍ കസ്റ്റഡിയിൽ .യുവതി നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡിവൈഎസ്പി അറിയിച്ചു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് റെക്കോർഡ് ചെയ്യുമെന്നും ആറ്റിങ്ങൽ ഡിവൈഎസ്പി പി വി ബേബി പറഞ്ഞു.

അഞ്ച് വയസ്സുള്ള കുട്ടിക്ക് മുന്നിൽ വച്ചാണ് അതിക്രമം നടത്തിയത്. അതുകൊണ്ട് തന്നെ യുവതിയുടെ ഭർത്താവുൾപ്പടെ എല്ലാ പ്രതികൾക്കു എതിരെയും പോക്‌സോ ചുമത്തും. കുട്ടിയുടെ മുമ്പിൽ വെച്ച് പീഡിപ്പിച്ചതിനാണ് പോക്‌സോ ചുമത്തുന്നത്. മൂത്ത കുട്ടിയെ കേസിൽ സാക്ഷിയാക്കും.

 യുവതിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടര്‍ നടപടികൾ ഉണ്ടാകുക. കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ഭര്‍ത്താവിന്‍റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ട ബലാല്‍ത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ക്രൂര പീഡനത്തിനിടെ ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. 

സംഭവത്തിന് ശേഷം വീട്ടിലെത്തിയ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും യുവതി പറയുന്നുണ്ട്. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഒപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനും മർദ്ദനമേറ്റു. കുട്ടിയെ സമീപത്തുള്ള വീട്ടിലാക്കി തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

തുടര്‍ന്ന് വായിക്കാം: കൂട്ടബലാത്സംഗത്തിന് ശേഷം ഭർത്താവ് വീട്ടിലെത്തി മർദ്ദിച്ചു, സിഗററ്റ് കൊണ്ട് പൊള്ളിച്ചെന്നും യുവതി...

ഭർത്താവിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു പീഡിപ്പിച്ചത്. നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. 

തുടര്‍ന്ന് വായിക്കാം: കഠിനംകുളത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം; വനിതാ കമ്മീഷൻ കേസെടുക്കും...