കോട്ടയം: ഈരാറ്റുപേട്ട കടുവാമൂഴിയില്‍ ഇന്നലെ മരിച്ച നിലയില്‍ കാണപ്പെട്ട ഷെരീഫിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കും ആന്തരിക അവയവങ്ങള്‍ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.

സംഭവത്തില്‍ ഷെരീഫിന്‍റെ മകന്‍ ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെയാണ് ഷെരീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി പിതാവും ഷെഫീഖുമായി വാക്കേറ്റമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാക്കേറ്റത്തിനിടെ ഉണ്ടായ മര്‍ദ്ദനമാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. 

പുലര്‍ച്ചെ എഴുന്നേറ്റ് ഷെരീഫ് വെള്ളം കുടിച്ചെങ്കിലും വീണ്ടും ഉറങ്ങിയ ഇയാള്‍ മരണപ്പെടുകയായിരുന്നു. മകന്‍ ഷെഫീഖിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.