മുത്യാലിന്‍റെ ജനനേന്ദ്രിയത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാര്‍ട്ടി വിട്ട മുത്യാല്‍ ബിജെപിയില്‍ ചേരാനായുള്ള തയ്യാറെടുപ്പിലായിരുന്നു. 

ബെംഗളൂരു: ബിജെപിയിൽ ചേരാനിരിക്കെ മുൻ ജനതാദൾ എസ് (ജെഡിഎസ്) നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടകയിലെ കല്‍ബുര്‍ഗി ജില്ലയിൽ നിന്നുള്ള ജനതാദൾ എസ് നേതാവായിരുന്ന മല്ലികാർജുൻ മുത്യാലിനെ (64) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുത്യാലിന്‍റെ ജനനേന്ദ്രിയത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാര്‍ട്ടി വിട്ട മുത്യാല്‍ ബിജെപിയില്‍ ചേരാനായുള്ള തയ്യാറെടുപ്പിലായിരുന്നു. 

കൊല്ലപ്പെടുന്നതിന് തലേ ദിവസം കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ മല്ലികാർജുൻ മുത്യാല്‍ പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസമാണ് മുത്യാലിന്‍റെ മൃതദേഹം ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്നും കണ്ടെത്തിയത്. ഇലക്ട്രോണിക് കടയായിരുന്നു മുത്യാലിന്‍റേത്.

'കടയില്‍ നേരത്തെ മോഷണം നടന്നിരുന്നു, അതുകൊണ്ട് ചില ദിവസങ്ങളില്‍ പിതാവ് കടയ്ക്കുള്ളില്‍ ഉറങ്ങാറുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം കടയില്‍ കിടന്നാണ് ഉറങ്ങിയത്. രാവിലെ കാണാതായതോടെ സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലഇല്‍ കണ്ടെത്തിയതെന്ന്' മുത്യാലിന്‍റെ മകന്‍ വെങ്കടേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മോഷണ ശ്രമത്തിനിടെ അക്രമികള്‍ അച്ഛനെ കൊലപ്പെടുത്തിയതാകും. കടയില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചില രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്നും മകന്‍ പറഞ്ഞു.

കര്‍ണ്ണാടകയിലെ പ്രബല സമുദായങ്ങളിലൊന്നായ കബ്ബലിഗയുടെ നേതാവാണ് മല്ലികാർജുൻ മുത്യാല്‍. കബാലിഗ സമുദായത്തിന്റെ കല്‍ബുര്‍ഗി താലൂക്കിന്റെ ഓണററി പ്രസിഡന്‍റ് കൂടിയായിരുന്നു മുത്യാൽ. അതേസമയം മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെയും പ്രാഥമിക നിഗമനം. മുത്യാലിന്‍റെ ജനനേന്ദ്രിയത്തിലും ശരീരത്തിലും പരിക്കുകളുണ്ട്. കല്ലുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

Read More :  നാടകീയം; ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട ആംആദ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു.!