തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതികൾ എല്ലാം പിടിയിലായെന്ന് പൊലീസ്. കൊലയ്ക്ക് പിന്നിൽ മണ്ണ് കടത്തൽ തടഞ്ഞതിലുള്ള വൈരാഗ്യമാണെന്നും കൃത്യത്തിൽ ഉൾപ്പെട്ട ബൈജു ഒഴികെ മറ്റെല്ലാവരും പിടിയിലായെന്നും റൂറൽ എസ്പി ബി അശോകൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസിൽ ഏഴ് പേർ ഇപ്പോൾ അറസ്റ്റിലാണ്. 

സംഗീതിനെ ആദ്യം പ്രതികൾ ടിപ്പർ ലോറി കൊണ്ട് ഇടിക്കുകയും പിന്നാലെ ജെസിബിയുടെ യന്ത്രക്കൈ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് റൂറൽ എസ്പി വിശദീകരിച്ചു. ലിനു ആണ് ടിപ്പർ ലോറി ഓടിച്ചതെന്നും മണ്ണുമാന്തി നിയന്ത്രിച്ചത് വിജിനായിരുന്നുമെന്നാണ് കണ്ടെത്തൽ. നെഞ്ചിനും തലയ്ക്കുമേറ്റ പരിക്കാണ് സംഗീതിന്‍റെ മരണകാരണം. പൊലീസ് എത്താൻ വൈകിയെന്ന പരാതിയിൽ ഡിവൈഎസ്പി അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. സംഘം അന്നേദിവസം അഞ്ച് പറമ്പുകളിൽ നിന്ന് മണ്ണ് കടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

മണ്ണ് മാഫിയ സംഘത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുമെന്നും പ്രതികളുടെ രാഷ്ട്രീയബന്ധം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റൂറൽ എസ്പി പറഞ്ഞു. എല്ലാ കുറ്റവാളികളെയും പിടിക്കുകയാണ് ആദ്യ ലക്ഷ്യമെന്നും കൂടുതൽ കാര്യങ്ങൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും എസ് പി വ്യക്തമാക്കി. പൊലീസിനെ വിളിച്ചുവരുത്തുന്നു എന്നറിഞ്ഞാണ് വണ്ടി കയറ്റി ഇറക്കിയതെന്നും എസ്പി കൂട്ടിച്ചേ‌ർത്തു. 

കൃത്യത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറ് പേരുമാണ് പ്രതിപ്പട്ടികയിൽ. പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും. കേസിൽ പൊലീസ് അനാസ്ഥ കാട്ടിയെന്ന്  തുടക്കം മുതൽ ആക്ഷേപമുണ്ടായിരുന്നു. വിവാദമുയർന്നതോടെയാണ് പ്രതികളെ പിടികൂടുന്നതിനുളള നടപടികൾ പൊലീസ് ഊർജ്ജിതമാക്കിയത്. കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ സംഗീതിനെയാണ് മണ്ണ് മാഫിയ കൊലപ്പെടുത്തിയത്. നേരത്തേ സംഗീതിന്‍റെ പുരയിടത്തിൽ നിന്ന് മണ്ണെടുപ്പ് അനുമതിയോടെ നടന്നിരുന്നതാണ്. ഇതിന്‍റെ മറവിൽ ഒരു സംഘം മണ്ണ് മാഫിയ വീണ്ടും അർദ്ധരാത്രി സ്ഥലത്ത് മണ്ണെടുക്കാൻ എത്തുകയായിരുന്നു. എന്നാൽ അനുമതിയില്ലാതെ മണ്ണെടുക്കരുതെന്ന് പറഞ്ഞ സംഗീത് ജെസിബി തടഞ്ഞു. എന്തിനാണ് അർദ്ധരാത്രി മണ്ണെടുക്കാൻ വന്നതെന്ന് ഇവരെ സംഗീത് ചോദ്യം ചെയ്തു. അപ്പോഴേക്ക് ലോറിയിൽ മണ്ണ് കയറ്റിത്തുടങ്ങിയിരുന്നു. മണ്ണെടുപ്പ് ഇപ്പോൾ നിർത്തണമെന്നും ഇനി മേലാൽ മണ്ണെടുക്കരുതെന്നും സംഗീത് ഇവരെ താക്കീത് ചെയ്തതാണ് പ്രകോപനമായത്.

മണ്ണെടുപ്പ് സംഗീത് തടഞ്ഞപ്പോൾ സ്ഥലത്ത് വൻ ബഹളമായി. നാട്ടുകാർ പലരും ഓടിക്കൂടി. ഇവിടെ ഗുണ്ടായിസം സമ്മതിക്കില്ലെന്നും രാത്രി മണ്ണെടുപ്പ് സമ്മതിക്കില്ലെന്നും നാട്ടുകാരും നിലപാടെടുത്തു. ആളുകൾ കൂടിയതോടെ ജെസിബി സംഘം മണ്ണെടുപ്പ് നിർത്താമെന്ന് സമ്മതിച്ചു. ഇതിനിടെ ലോറിയും ജെസിബിയും കൊണ്ടുപോവുകയാണെന്ന് ഈ സംഘം പറഞ്ഞു. അത് സമ്മതിക്കില്ലെന്നും, മണ്ണുള്ള ലോറി ഇവിടെ നിന്ന് കൊണ്ടുപോകാനാകില്ലെന്നും സംഗീത് വ്യക്തമാക്കി. വണ്ടി കൊണ്ടുപോകുന്നത് തടയാനായി സംഗീത് സ്വന്തം വാഹനം സ്ഥലത്ത് നിന്ന് പുറത്ത് പോകാനുള്ള ഗേറ്റിന് മുന്നിൽ നിർത്തിയിട്ടു. പൊലീസിനെ വിളിക്കുകയും ചെയ്തു.

നാട്ടുകാർ സംഗീത് പറയുന്നത് കേൾക്കണമെന്ന് ഇവരോട് പറഞ്ഞതിനെത്തുടർന്ന് ജെസിബിയും ലോറിയും സ്ഥലത്ത് തന്നെ നിർത്തിയിട്ട് പോകാമെന്ന് ഇവർ സമ്മതിച്ചു. തുടർന്ന് തർക്കം തീർന്നെന്ന് കരുതി നാട്ടുകാർ പിരിഞ്ഞുപോയി. കുടുംബവും അകത്ത് കയറി കതകടച്ചു. 

ഇതിനിടെയാണ് വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം സംഗീത് കേട്ടത്. ഉടൻ പുറത്തിറങ്ങി സംഗീത് ലോറിയെടുക്കുന്നത് തടയാനായി അതിന് മുന്നിൽ നിന്നു. ഇത് കണക്കാക്കാതെ ജെസിബി കൊണ്ട് വണ്ടി ഇടിച്ചിടുകയും ജെസിബിയുടെ ബക്കറ്റ് കൊണ്ട് സംഗീതിന്‍റെ തലയ്ക്ക് സംഘം അടിക്കുകയും വണ്ടി നിർത്താതെ എടുത്തുകൊണ്ട് പോവുകയും ചെയ്യുകയായിരുന്നുവെന്നാണ് സംഗീതിന്‍റെ ഭാര്യയുടെ മൊഴി. സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് കൊലപ്പെട്ട സംഗീതിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.