കായംകുളം: കഴിഞ്ഞ ദിവസം അർധരാത്രിയിൽ കായംകുളത്ത് കണ്ടത് മദ്യം മനുഷ്യനെ രക്തദാഹിയായ ഒരു നരാധമനാക്കി മാറ്റുന്ന ഭയാനകമായ കാഴ്ചയായിരുന്നു. മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റത്തിനൊടുവിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും, കാർ കയറ്റി കൊല്ലുകയും ചെയ്തു.

അർധരാത്രിയോടെയാണ് കൊലപാതകം നടന്നത്. കരീലകുളങ്ങര സ്വദേശി ഷമീർ ഖാനാണ് കൊല്ലപ്പെട്ടത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ - രാത്രി പതിനൊന്നരയോടെ കരീലകുളങ്ങരയിൽ നിന്നും ഷമീർ ഖാനും സംഘവും ദേശീയപാതയോട് ചേർന്ന ഹൈവേ പാലസ് ബാറിലെത്തുന്നു. ബാറിന്‍റെ പ്രവർത്തനസമയം കഴിഞ്ഞെന്നും മദ്യം നൽകാനാവില്ലെന്നും ജീവനക്കാർ അറിയിച്ചു. എന്നാൽ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരും ഷമീർ ഖാനുമായി തർക്കമുണ്ടായി. 

ഈ സമയം ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികളും തർക്കത്തിൽ ഇടപെട്ടു. പീന്നീട് ഇരുസംഘങ്ങളായി തിരിഞ്ഞ് കയ്യാങ്കളിയായി. പ്രതികളിൽ ഒരാൾ ഷമീർ ഖാന്‍റെ മുഖത്ത് ബീയർ കുപ്പി കൊണ്ട് അടിച്ചു. ഇതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ, മറ്റൊരു പ്രതി കാർ മുന്നോട്ട് എടുത്ത് ഷമീറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കയറ്റി ഇറക്കി. സംഭവസ്ഥലത്ത് വച്ചു തന്നെ ഷമീർ മരിച്ചു. 

പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ സ്ഥലംവിട്ടിരുന്നു. കൊലനടന്ന സ്ഥലത്ത് നിന്ന് കാറിന്‍റെ നമ്പ‍ർ പ്ലേറ്റ് പൊലീസിന് കിട്ടി. ഇതേതുടർന്നുള്ള അന്വേഷണത്തിനൊടുവിൽ കിളിമാനൂരിൽ വച്ച് വാഹനവും പ്രതികളിൽ ഒരാളായ ഷിയാസിനെയും അന്വേഷണസംഘം പിടികൂടി. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. 

വിദേശത്തായിരുന്ന ഷമീർ ഖാൻ കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്. വിവാഹം ഉറപ്പിച്ചതിന്‍റെ സൽകാരത്തിനാണ് സുഹൃത്തുക്കളുമായി ബാറിലെത്തിയത്. ഷമീറിന്‍റെ മൃതദേഹം പൊലീസ് കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.