കൊച്ചി: സ്വർണക്കടത്തിൽ നയതന്ത്ര ബാഗിലൂടെ കഴിഞ്ഞ ജൂണിൽ എത്തിച്ച 27 കിലോ സ്വർണം കാണാനില്ല. പണം മുടക്കിയ തനിക്ക് സ്വർണം കിട്ടിയില്ലെന്നാണ് അറസ്റ്റിലായ റമീസ് അന്വേഷസംഘത്തോട് പറഞ്ഞത്. ഇതിനിടെ മൂന്നാം പ്രതി ദുബായിൽക്കഴിയുന്ന ഫാസിൽ ഫരീദിനെതിരെ എൻ ഐ എ കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു.

ഒന്നാം പ്രതി സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കസ്റ്റംസിന് സുപ്രധാന വിവരങ്ങൾ കിട്ടിയത്. ഇക്കഴി‍‌ഞ്ഞ ജൂൺ 24, 26 തീയതികളാണ് യുഎഇ കോൺസുലേറ്റിന്‍റെ പേരിലുളള നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയത്. 18 കിലോയും 9 കിയോലും വീതമുളള ബാഗുകളാണ് എത്തിയത്. കോൺസുലേറ്റിലെ അറ്റാഷേയുടെ പേരിലാണ് നയതന്ത്ര ബാഗ് എത്തിയതെന്നും മൊഴിയിലുണ്ട്. 

സരിത് കൈപ്പറ്റി പുറത്തെത്തിച്ച ബാഗ് മലപ്പുറം സ്വദേശി സന്ദീപിന് കൈമാറി. താനും സ്വപ്നയും സന്ദീപും ചേർന്നാണ് ഈ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചതെന്നും മൊഴിയിലുണ്ട്. കൊണ്ടുവന്ന സ്വർണം മലപ്പുറം സ്വദേശി റമീസിന് കൈമാറിയെന്നായിരുന്നു സന്ദീപ് അറിയിച്ചത്. എന്നാൽ കൊണ്ടുവന്ന സ്വർണം തനിക്ക് കിട്ടിയിട്ടില്ലെന്നാണ് റമീസ് കസ്റ്റംസിനോട് ആവർത്തിച്ചത്.

ഈ സാഹചര്യത്തിൽ സ്വർണം കണ്ടെത്താൻ കസ്റ്റംസും എൻ ഐ എയും ശ്രമ തുടങ്ങി. ബംഗലൂരിവിൽ വെച്ച് സന്ദീപ് നായരെ പിടികൂടിയപ്പോഴാണ് ബാഗ് കസ്റ്റഡിയിലെടുത്തത്. നിർണായക രേഖകൾ അടങ്ങിയ ബാഗ് കോടതി മുന്പാതെ തുറന്ന് പരിശോധിക്കണമെന്നാണ് എൻ ഐ എയുടെ ആവശ്യം. 

ദുബായിൽക്കഴിയുന്ന ഫാസിൽ ഫരീദിനെ നാട്ടിലെത്തിക്കുന്നതിനുളള നടപടിക്രമങ്ങളുടെ ഭാഗമായാണ് എൻ ഐ എ ജാമ്യമില്ലാ വാറന്‍റിന് കോടതിയെ സമീപിച്ചത്.