കോഴിക്കോട്: കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ രണ്ട് പേരേയും വേങ്ങരെ സ്വദേശിയായ ഒരാളെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ തിരയുന്ന കള്ളക്കടത്ത് കേസ് പ്രതി മൂവാറ്റുപുഴ സ്വദേശി ജലാല്‍ കസ്റ്റംസിനു മുന്നില്‍ കീഴടങ്ങി. നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണ കളളക്കടത്തിനു പിന്നിലെ ഉന്നത ബന്ധങ്ങള്‍ വെളിപ്പെടുത്തി കസ്റ്റംസിന് റമീസ് മൊഴി നല്കി.

പ്രാഥമിക ചോദ്യം ചെയ്യലില്‍ റമീസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. രണ്ടു പേര് കൊടുവള്ളി സ്വദേശികളും ഒരാള്‍ വേങ്ങര സ്വദേശിയുമാണ്. ഇവരെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. നയതന്ത്ര ബാഗില്‍ വരുന്ന സ്വര്‍ണക്കടത്തിന് ഉന്നത സഹായമുണ്ടായിരുന്നെന്ന് റമീസ് മൊഴി നല്‍കിയിരുന്നു. 

ഇതിന് പിന്നാലെയാണ് നടപടി. കേസ് അന്വേണത്തിനിടെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് കുപ്രസിദ്ധ കളളക്കടത്തുകാരന്‍ ജലാലിന്‍റെ കീഴടങ്ങല്‍.രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി അറുപത് കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുളള ജലാല്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ദില്ലി,നെടുന്പാശേരി,കരിപ്പൂര്‍,തിരുവനന്തപുരം,ചെന്നൈ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയ ജലീലിനു വേണ്ടി വിവിധ ഏജന്‍സികള്‍ വലവിരിച്ചിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു. 

നെടുന്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കേസിലും,തിരുവനന്തപുരത്ത് സാറ്റ്സ് ഉദ്യോഗസ്ഥന്‍ പ്രതിയായ കേസിലും ജലാലിന്‍റെ പങ്ക് നേരത്തെ തെളിഞ്ഞിരുന്നു. നയതന്ത്ര ബാഗ് വഴിയുളള സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് നാടകീയമായ കീഴടങ്ങല്‍. 

ഉച്ചയോടെ കള്ളടക്കടത്തിന് ജലാല്‍ ഉപയോഗിക്കുന്ന കാര്‍ , തിരുരില്‍ നിന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. സ്വര്‍ണം ഒളിപ്പിച്ചുവെക്കാന്‍ പ്രത്യേക അറകളോട് കൂടി കാറാണിത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ വേങ്ങരയിൽ നിന്നാണ് പിടികൂടിയത്.