കൊല്ലം; താമരക്കുളം ചിറ്റടീശ്വര ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനെത്തിച്ച പ്രതി അക്രമാസക്തനായത് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചു. ചിറ്റടീശ്വര ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി കവര്‍ന്ന കേസില്‍ ആലപ്പുഴ പുന്നപ്ര സ്വദേശി സുമേഷ് ആണ് അറസ്റ്റിലായത്. ഇരവിപുരത്തെ സഹോദരിയുടെ വീട്ടില്‍ താമസിച്ചു കൊണ്ടാണ് സുമേഷ് മോഷണം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 

പിന്നീട് കൊല്ലം പളളിത്തോട്ടം ബീച്ചിനു സമീപത്തു നിന്നാണ് സുമേഷ് അറസ്റ്റിലായത്. അറസ്റ്റിനു പിന്നാലെ സുമേഷിനെ തെളിവെടുപ്പിനായി ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു.തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് സംഘം മടങ്ങുന്നതിനിടെയാണ് പ്രതി അക്രമാസക്തനായത്. കൈകള്‍ ബന്ധിച്ചിരുന്ന വിലങ്ങ് ഉപയോഗിച്ച് സുമേഷ് സ്വന്തം തലയില്‍ അടിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കാലുയര്‍ത്തി ചവിട്ടാനും സുമേഷ് ശ്രമിച്ചു.

പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് സുമേഷിന് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇരവിപുരത്ത് നടന്ന മോഷണത്തിനു പിന്നിലും താനാണെന്ന് സുമേഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.