Asianet News MalayalamAsianet News Malayalam

'ഏത് പാതാളത്തിലൊളിച്ചാലും പൊക്കിയിരിക്കും'; 40 പവനുമായി രാജസ്ഥാനിലേക്ക് കടന്നവരെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്

കണ്ണൂർ സ്ക്വാഡ് സിനിമയെ ഓർമിപ്പിക്കും വിധം അതി സാഹസികമായി പ്രതികളെ കീഴടക്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ച അതീവ സുരക്ഷയിൽ ഇരുവരേയും കേരളത്തിലെത്തിച്ച് റിമാൻഡ് ചെയ്തു.

Kerala Police arrested Rajasthan thieves from their village prm
Author
First Published Mar 26, 2024, 1:32 AM IST

തിരുവനന്തപുരം :ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്. പ്രതികളെ രാജസ്ഥാനിലെത്തി അതിസാഹസികമായി പൊലീസ് പിടികൂടി കേരളത്തിലെത്തിച്ചിരുന്നു. റിമാൻഡിലായ പ്രതികളെയുമായി നാളെ പൊലീസ് തെളിവെടുപ്പ് നടത്തും. ഒറിജിനൽ തോക്കുമായാണ് കിഷൻലാലും സംഘവും മോഷണത്തിനിറങ്ങുന്നത്.

രാജസ്ഥാനിലെ തസ്കര ​ഗ്രാമമായ ഭിനായിയാണ് ആസ്ഥാനം. അവിടെ നിന്ന്കേരളത്തിലെ ആറ്റിങ്ങലിൽ എത്തിയ കിഷൻലാലും സാൻവർ ലാലും മിഷൻ പൂർത്തിയാക്കി മടങ്ങി. പിന്നാലെ അന്വേഷിച്ച് ഭിനായിലേക്ക് പോയ കേരള പൊലീസ്, കണ്ണൂർ സ്ക്വാഡ് സിനിമയെ ഓർമിപ്പിക്കും വിധം അതി സാഹസികമായി പ്രതികളെ കീഴടക്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ച അതീവ സുരക്ഷയിൽ ഇരുവരേയും കേരളത്തിലെത്തിച്ച് റിമാൻഡ് ചെയ്തു. പ്രതികളിൽ നിന്ന് വിലപിടപ്പുള്ള മോഷണ വസ്തുക്കൾ കണ്ടെടുക്കേണ്ടതുണ്ട്.

വീട് കുത്തി തുറന്ന് നാലര ലക്ഷം രൂപയും 40 പവൻ സ്വർണവുമാണ് സംഘം കവർന്നത്. ഇന്ന് കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ നാളെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. മോഷണത്തിന് ശേഷം ലഭിച്ച സിസിടിവി കേന്ദ്രീകരിച്ചായിരുന്നു പ്രതികളിലേക്കെത്തിയത്. അതിവിദഗ്ധമായി കവർച്ച നടത്തുന്ന സംഘത്തിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു.

ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങളും തുണികളും വിൽക്കുന്ന കച്ചവടക്കാരനെന്ന വ്യാജേന പകൽ സമയം എത്തും. ആളൊഴിഞ്ഞ വീടുകൾ മനസ്സിലാക്കി കവർച്ച നടത്തും. പ്രതികളെ ചോദ്യം ചെയ്താൽ മറ്റ് പല കേസുകളുടേയും തുന്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ മാർച്ച് ഏഴിനാണ് ആറ്റിങ്ങൽ നഗരത്തിലുള്ള ഡോക്ടറുടെ വീട്ടിൽ പട്ടാപകൽ മോഷണം നടന്നത്.

Follow Us:
Download App:
  • android
  • ios