Asianet News MalayalamAsianet News Malayalam

തട്ടിക്കൊണ്ടുപോകല്‍: സിനിമയെ വെല്ലുന്ന കേരള പൊലീസ് ഓപ്പറേഷന്‍, കുട്ടിയെ കണ്ടെത്തിയത് മണിക്കൂറുകള്‍ക്കുള്ളില്‍

തട്ടിക്കൊണ്ടുപോകാനായി കുട്ടിയായ ആഷിഖിന്‍റെ വീടിന് മുന്നില്‍ രണ്ടംഗ സംഘം  കാത്തുനില്‍ക്കുകയായിരുന്നു. അച്ഛനും അമ്മയും ഇല്ല എന്നുറാപ്പിക്കിയ ശേഷം അകത്തേക്ക് സംഘം കയറി. സഹോദരിയെയും അയല്‍വാസിയെയും തള്ളിമാറ്റി കുട്ടിയെ ബലമായി പുറത്തേക്കുകൊണ്ടുപോയി.

kerala police trapped kidnapping gang with in hour in Thiruvananthapuram
Author
First Published Sep 7, 2022, 10:30 AM IST

കൊല്ലം/തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് നിന്ന് 14 കാരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികളിലേക്കെത്താനും സംഭവത്തിന്‍റെ ദുരൂഹത നീക്കാനും പൊലീസിന്‍റെ അവസരോചിത ഇടപെടല്‍. സിനിമയെ വെല്ലുന്ന ഓപ്പറേഷനാണ് പൊലീസ് നടത്തിയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്താനും പൊലീസിനായായി. കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും സംഘത്തിലെ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

തട്ടിക്കൊണ്ടുപോകാനായി കുട്ടിയായ ആഷിഖിന്‍റെ വീടിന് മുന്നില്‍ രണ്ടംഗ സംഘം  കാത്തുനില്‍ക്കുകയായിരുന്നു. അച്ഛനും അമ്മയും ഇല്ല എന്നുറാപ്പിക്കിയ ശേഷം അകത്തേക്ക് സംഘം കയറി. സഹോദരിയെയും അയല്‍വാസിയെയും തള്ളിമാറ്റി കുട്ടിയെ ബലമായി പുറത്തേക്കുകൊണ്ടുപോയി. സംഘം കുട്ടിയുമായി വേഗത്തില്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്. കൊട്ടിയം പൊലീസ് തിരുവനന്തപുരത്തുള്ള എല്ലാ സ്റ്റേഷനിലേക്കും കണ്‍ട്രോള്‍ റൂം വഴി സംഭവം അറിയിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നെത്തിയ സംഘം കാറില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാറശാല അടക്കം എല്ലാ ചെക്പോസ്റ്റുകളിലും അതിര്‍ത്തി റോഡുകളിലും പൊലീസ് നിലയുറപ്പിക്കുകയായിരുന്നു. ഒടുവില്‍ പാറശാല എത്തുന്നതിന് മുമ്പേ പൊലീസിനെ കണ്ട സംഘം അതിവേഗതയില്‍ പൊലീസിനെ വെട്ടിച്ച്  രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിസാഹസികമായി പൊലീസ് ഇവരെ പിടികൂടിയത്.

കാര്‍ ഉപേക്ഷിച്ച സംഘം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തൊട്ടടുത്ത ജങ്ഷനില്‍ വെച്ച് സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ആഷിഖിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. നിലവില്‍ ഒരാള്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയിലെങ്കിലും സംഘത്തിലെ എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പറുള്‍പ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് തന്നെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതിനായി തമിഴ്നാട് പൊലീസുമായി യോജിച്ചുള്ള ഓപറേഷനാണ് കേരളാ പൊലീസ് നടത്തുന്നത്. ഡോക്ടറുള്‍പ്പെടെയുള്ള സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ളതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. 

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 14 കാരനെ സംഘം തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്‍റെ മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. 

മർത്താണ്ഡത്ത് ബി ഫാമിന് പഠിക്കുന്നയാളാണ് ക്വട്ടേഷൻ നൽകിയത്. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോ യത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. മർത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികൾ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ ക്വട്ടേഷൻ; കൊല്ലത്ത് 14 കാരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്

Follow Us:
Download App:
  • android
  • ios