കൊല്ലം കുണ്ടറ കേരളപുരത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും
കൊല്ലം: കൊല്ലം കുണ്ടറ കേരളപുരത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും. ഇളമ്പള്ളൂർ സ്വദേശി അനീഷ് കുട്ടിയെ ആണ് കൊല്ലം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേരളപുരം അഞ്ചുമുക്ക് സ്വദേശി ഷാജില കൊല്ലപ്പെട്ടത്. ഏഴ് വയസ്സുള്ള മകളെ സ്കൂൾ ബസ്സിൽ കയറ്റിവിട്ട ശേഷം വീട്ടിലേക്ക് നടക്കുകയായിരുന്ന യുവതിയെയാണ് പ്രതി തടഞ്ഞു നിർത്തി ആക്രമിച്ചത്. യുവതിയുടെ ശരീരത്തിൽ കുത്തേറ്റ 41 മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഷാജിലയോടും കുടുംബത്തോടും പ്രതിക്കുള്ള മുൻവൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം.

