Asianet News MalayalamAsianet News Malayalam

കെവിൻ കൊലക്കേസ് വിധി ഓഗസ്റ്റ് 14-ന്: ദുരഭിമാനക്കൊലയിൽ വിചാരണ നടന്നത് അതിവേഗം

മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനായി എന്നത് പ്രോസിക്യൂഷനും കോട്ടയം സെഷൻസ് കോടതിയ്ക്കും നേട്ടമാണ്. രാവിലെ പത്ത് മണി മുതൽ തന്നെ കേസ് വിചാരണ തുടങ്ങിയാണ്, മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കുന്നത്. 

kevin murder case verdict on august 14
Author
Kottayam, First Published Jul 30, 2019, 11:55 AM IST

കോട്ടയം: കേരളത്തെയാകെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ വിധി ഓഗസ്റ്റ് 14-ന്. കോട്ടയം സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസിൽ പ്രത്യേക കോടതി റെക്കോഡ് വേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് വിധി പറയാനൊരുങ്ങുന്നത്. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു കോടതിയ്ക്ക് ഹൈക്കോടതി നൽകിയ നിർദേശം. എന്നാൽ മൂന്ന് മാസം കൊണ്ട് തന്നെ വിചാരണ പൂർത്തിയായി.

കേസ് വിചാരണയ്ക്ക് ഇടയിൽത്തന്നെ നിരവധി വിവാദങ്ങളുണ്ടായ കേസായിരുന്നു കെവിൻ കൊലക്കേസ്. കെവിന്‍റെ കൊലപാതകത്തിനിടയാക്കുന്ന തരത്തിൽ ഗുരുതര വീഴ്ച വരുത്തിയ എസ്ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തത് വിവാദമായതോടെ, പിന്നീട് അത് മരവിപ്പിച്ചു. സാക്ഷികൾ പലരും വിചാരണയ്ക്ക് ഇടയിൽ മൊഴിമാറ്റി. എങ്കിലും ശക്തമായ തെളിവുകൾ തന്നെയാണ് ഹാജരാക്കിയിട്ടുള്ളതെന്നും കേസിൽ ശരിയായ വിധി വരുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പ്രോസിക്യൂഷൻ പറയുന്നു.

മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനായി എന്നത് പ്രോസിക്യൂഷനും കോട്ടയം സെഷൻസ് കോടതിയ്ക്കും നേട്ടമാണ്. യഥാർത്ഥത്തിൽ കോടതി സമയം തുടങ്ങുന്നത് രാവിലെ 11 മണിക്കാണെങ്കിലും, ഒരു മണിക്കൂർ നേരത്തേ, പത്ത് മണി മുതൽ തന്നെ കേസ് വിചാരണ തുടങ്ങിയാണ്, കോടതി മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കുന്നത്. 

കെവിന്‍റെ മരണവാർത്തയറിഞ്ഞ് കരഞ്ഞു തളർന്നിരിക്കുന്ന നീനുവിന്‍റെയും ചേർത്തു പിടിച്ച് ഇരിയ്ക്കുന്ന കെവിന്‍റെ അച്ഛന്‍റെയും ചിത്രം കേരളത്തിന്‍റെ മനഃസ്സാക്ഷിയെ ഇപ്പോഴും വേദനിപ്പിക്കുന്ന ഓർമയാണ്.

Image result for kevin neenu

കഴിഞ്ഞ വർഷം മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഏറ്റുമാനൂർ സ്വദേശി ഷാനുവും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. ഷാനുവിന്‍റെ സഹോദരി നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ. ദളിത് ക്രിസ്ത്യനായിരുന്ന കെവിനുമായുള്ള നീനുവിന്‍റെ ബന്ധത്തോട് അച്ഛനും സഹോദരനും കടുത്ത എതിർപ്പായിരുന്നു. ഈ പകയാണ് കെവിന്‍റെ കൊലപാതകത്തിലെത്തിച്ചത്.

28-ന് പുലർച്ചെ തെന്മലയിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ മുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹം. കെവിൻ രക്ഷപ്പെടാൻ പുഴയിൽച്ചാടി മരിച്ചെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ മുക്കിക്കൊന്നതാണ് എന്നതിന് കൃത്യമായ ഫൊറൻസിക് തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്.

കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിനെ അക്രമി സംഘം അന്ന് തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി വൈകിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. കേസിലുൾപ്പെട്ട ഷാനു, അച്ഛൻ ചാക്കോ എന്നിവരുൾപ്പെടെ 14 പേരെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്തു.

പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‍ചയുണ്ടായ കേസിൽ ഇനി കുടുംബത്തിന്‍റെ പ്രതീക്ഷ കോടതിയിൽ മാത്രമാണ്. കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.  

നീനു കെവിന്‍റെ വീട്ടിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി ഇപ്പോൾ എംഎസ്‍ഡബ്ല്യുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. സംസ്ഥാനസർക്കാരാണ് നീനുവിന്‍റെ പഠനച്ചെലവ് വഹിക്കുന്നത്. എന്നാൽ നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാൻ കെവിന്‍റെ കുടുംബം തയ്യാറാണ്. 

കേസിലെ വിചാരണക്കിടയിൽ ചില സാക്ഷികൾ കൂറുമാറിയെങ്കിലും ഇതൊന്നും കെവിന്‍റെ കുടുംബത്തെ ആശങ്കപ്പെടുത്തുന്നില്ല. കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് തന്നെ കുടുംബം ഉറച്ച് വിശ്വസിക്കുന്നു. 

 

Follow Us:
Download App:
  • android
  • ios