ദില്ലി: പട്ടത്തിന്‍റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ദില്ലിയിലെ പശ്ചിം വിഹാറില്‍ സിവില്‍ എഞ്ചിനീയറായ 28-കാരന്‍ മാനവ് ശര്‍മയാണ് കഴുത്തുമുറിഞ്ഞ് മരിച്ചത്.

രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് വ്യാഴാഴ്ച സഹോദരിയോടൊപ്പം ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു മാനവ് ശര്‍മ. വാഹനമോടിക്കുന്ന മാനവിന്‍റെ കഴുത്തില്‍ പട്ടത്തിന്‍റെ നൂല്‍ കുരുങ്ങി കഴുത്ത് മുറിഞ്ഞു. ബോധരഹിതനായി ബൈക്കില്‍ നിന്നും വീണ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കഴുത്തിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. 

ചൈനീസ് പട്ടത്തിന്‍റെ നൂല്‍ കുരുങ്ങി പരിക്കേറ്റ എട്ടോളം ആളുകള്‍ വ്യാഴാഴ്ച ദില്ലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 188 പ്രകാരം 17 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.