മാരുതി ഒമ്നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കായ വറുത്തതിന്റെ ഇടയിൽ പ്ലാസ്റ്റിക്ക് കിറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
തൃശൂർ: കൊടുങ്ങല്ലൂരിൽ (Kodungallur) കായ വറുത്തതിൻ്റെ മറവിൽ കഞ്ചാവ് (Cannabis) കടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. അങ്കമാലിയിൽ 20 വർഷമായി സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളായ ശരവണഭവൻ, ഗൗതം എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഇത് കടത്താൻ ഉപയോഗിച്ച മാരുതി ഒമ്നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കായ വറുത്തതിന്റെ ഇടയിൽ പ്ലാസ്റ്റിക്ക് കിറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
ഇന്ന് തന്നെ വയനാട് അമ്പലവയലിൽ എട്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായിട്ടുണ്ട്. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയലിലെ വീട്ടിൽ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വയനാട് നാർക്കോട്ടിക് സെല്ലും അമ്പലവയൽ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
Read Also: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; ഇടുക്കിയിൽ പഞ്ചായത്തംഗം പിടിയിൽ
കാമുകനൊപ്പം ജീവിക്കാൻ വാഹനത്തിൽ മയക്കുമരുന്ന് വച്ച് ഭർത്താവിനെ കേസിൽ പെടുത്താൻ ശ്രമിച്ചതിന് പഞ്ചായത്ത് മെമ്പറായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായി. വണ്ടന്മേട് പഞ്ചായത്തംഗം സൗമ്യ സുനിൽ ആണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടന്ന കാമുകൻ വിനോദിനെ കേരളത്തിലെത്തിക്കാൻ വണ്ടന്മേട് പൊലീസ് നടപടികൾ തുടങ്ങി.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്റെ വാഹനത്തിൽ നിന്നും മാരക മയക്കുമരുന്നായ MDMA വണ്ടന്മേട് പൊലീസ് കണ്ടെത്തുന്നു. മയക്കു മരുന്നിൻറെ ഉറവിടം കണ്ടെത്താൻ ശ്രമിച്ച പൊലീസിന് ഇയാൾ മയക്കു മരുന്ന് ഉപയോഗിക്കുകയോ കച്ചവടം നടത്തുകയോ ചെയ്യുന്നില്ലെന്ന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണമാണ് എൽഡിഎഫ് സ്വതന്ത്രയായി ജയിച്ച പഞ്ചായത്തംഗം സൗമ്യ, ഇവരുടെ കാമുകൻ വിദേശ മലയാളി വിനോദ്, വിനോദിൻറെ സുഹൃത്തുക്കാളായ ഷാനവാസ്, ഷെഫിൻ എന്നിവർ ചേർന്ന് നടത്തിയ പദ്ധതിയാണെന്ന് തെളിഞ്ഞത്.
വിനോദിനൊപ്പം ജീവിക്കാൻ ഭർത്താവ് സുനിലിനെ വാഹമിടിച്ച് കൊലപ്പെടുത്താനാണ് ആദ്യം ഇവർ ആലോചിച്ചത്. ഇതിനായി എറണാകുളത്തെ ഒരു സംഘത്തെ നിയോഗിച്ചു. പൊലീസ് പിടികൂടുമെന്ന് ഭയന്ന് ഇത് ഉപേക്ഷിച്ചു. പിന്നീട് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ആലോചിച്ചെങ്കിലും ഇതും വേണ്ടെന്നു വച്ചു. തുടർന്നാണ് മയക്കു മരുന്ന് കേസിൽ പെടുത്താൻ തീരുമാനിച്ചത്. സൗമ്യയെ കാണാൻ ഇടയ്ക്കിടെ വിദേശത്തു നിന്ന് കേരളത്തിലെത്തുന്ന വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഗൂഡാലോചന നടത്തിയത്. ഇതിനായി 18-ാം തീയതി വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയാറ്റിൽ വച്ച് മയക്കുമരുന്ന് സൗമ്യക്ക് കൈമാറി. സൗമ്യ ഇത് സുനിലിൻറെ ഇരുചക്ര വാഹനത്തിൽ വച്ച ശേഷം വാഹനത്തിന്റെ ഫോട്ടോ വിനോദിന് അയച്ചു കൊടുത്തു. വിനോദ് ഇത് ചില സുഹൃത്തുക്കൾ വഴി പൊലീസിലെത്തിച്ചു. ഇതനുസരിച്ച് വാഹനത്തിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
സുനിൽ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ പിടികൂടുകയായിരുന്നു. ഷാനവാസും ഷെഫിനും ചേർന്നാണ് 45000 രൂപക്ക് വിനോദിന് മയക്കു മരുന്ന് എത്തിച്ചു കൊടുത്തത്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് ഇടപെട്ട് സൗമ്യയുടെ രാജി എഴുതി വാങ്ങി തപാൽ മാർഗം അയച്ചിട്ടുണ്ട്.
