Asianet News MalayalamAsianet News Malayalam

രണ്ടുവര്‍ഷം അടച്ചിട്ട ഫ്‌ളാറ്റില്‍ അസ്ഥികൂടം: 'മരിച്ചത് സ്ത്രീ, അഞ്ച് മാസം പഴക്കം'

കൊല നടത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ഡ്രമ്മില്‍ തള്ളിയതായാണ് വിലയിരുത്തലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍.

kolkata flat skeleton case police arrest man from thane joy
Author
First Published Nov 20, 2023, 10:32 AM IST

കൊല്‍ക്കത്ത: രണ്ടു വര്‍ഷം അടച്ചിട്ടിരുന്ന ഫ്‌ളാറ്റിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണസംഘം. അസ്ഥികൂടം ഒരു സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചെന്ന് കൊല്‍ക്കത്ത ബിധാനഗര്‍ പൊലീസ് അറിയിച്ചു. ഇവര്‍ അഞ്ചു മാസം മുന്‍പെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊല നടത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ഡ്രമ്മില്‍ തള്ളിയതായാണ് വിലയിരുത്തലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സംഭവത്തില്‍ മഹാരാഷ്ട്ര താനെ സ്വദേശിയായ അമിത് എന്നയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ മുന്‍പ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളായ ദമ്പതികളുടെ അടുത്ത പരിചയക്കാരനാണ് അമിത്. ചോദ്യം ചെയ്യലുമായി ഇയാള്‍ സഹകരിക്കുന്നില്ല. കൊലപാതകത്തിന്റെ കാരണവും കണ്ടെത്താനായിട്ടില്ല. ദുരൂഹത പരിഹരിക്കാന്‍ അമിതിനെ വിശദമായി ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

നവംബര്‍ 14നാണ് ബഗുയാറ്റി മേഖലയിലെ ഒരു ഫ്‌ളാറ്റിലെ പ്ലാസ്റ്റിക് ഡ്രമ്മില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന ഫ്‌ളാറ്റിനുള്ളില്‍ നിന്നാണ് സ്ത്രീയുടെ അസ്ഥികൂടം കണ്ടെടുത്തത്. ഹോമിയോപ്പതി ഡോക്ടറായ ഗോപാല്‍ മുഖര്‍ജി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ളാറ്റ്. 2018ല്‍ നേപ്പാളി ദമ്പതികള്‍ക്ക് ഈ ഫ്‌ളാറ്റ് വാടകയ്ക്ക് നല്‍കിയിരുന്നു. 2021ല്‍ ഇവര്‍ നേപ്പാളിലേക്ക് തിരികെ പോയെങ്കിലും ഫ്‌ളാറ്റിന്റെ വാടക നല്‍കുന്നത് തുടര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴുമാസത്തോളം വാടക ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ഉടമ ഗോപാല്‍ മുഖര്‍ജി ഫ്‌ളാറ്റ് തുറന്നപ്പോഴാണ് സീല്‍ ചെയ്ത പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

അറസ്റ്റിലായ അമിത് ആണ് നേപ്പാള്‍ ദമ്പതികള്‍ക്ക് ഫ്‌ളാറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ മുഖര്‍ജിയെ സമീപിച്ചതെന്നും അമിത് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു. നേപ്പാള്‍ സ്വദേശികളുടെ വ്യക്തിവിവരങ്ങള്‍ ഗോപാല്‍ മുഖര്‍ജി പൊലീസിന് കൈമാറി. എന്നാല്‍ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു.


സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസുകാരി മരിച്ചു; ഏഴു പേർക്കെതിരെ കേസ്  
 

Follow Us:
Download App:
  • android
  • ios