കൊല്ലം: കൊല്ലം കരിക്കകത്ത് ഭാര്യയെ ചവിട്ടിക്കൊന്ന ഭര്‍ത്താവിനെ കുടുക്കിയത് കൊല്ലപ്പെട്ട യുവതിയുടെ മരണമൊഴി. കൊല്ലപ്പെട്ട ആശ പിതാവടക്കം കുടുംബാംഗങ്ങളോട് നടത്തിയ വെളിപ്പെടുത്തലിന്‍റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ആശയുടെ ഭര്‍ത്താവ് അരുണിനെ അഴിക്കുളളിലാക്കിയത്.

ആടിന്‍റെ ആക്രമണത്തിലാണ് ആശയ്ക്ക് പരിക്കേറ്റതെന്ന അരുണിന്‍റെ വാദം ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പൊളിച്ചത്. നവംബര്‍ നാലിന് കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങും മുമ്പ് ആശ പിതാവിനോട് നടത്തിയ ഈ വെളിപ്പെടുത്തലാണ് ദാരുണ കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

ഒക്ടോബര്‍ 31ന് രാത്രിയാണ് മദ്യലഹരിയിലായ അരുണ്‍ ഭാര്യ ആശയെ ചവിട്ടിയത്. ആശ ബോധരഹിതയായതോടെ ആശുപത്രിയിലേക്ക് മാറ്റി. ആടിന് തീറ്റ കൊടുക്കാന്‍ പോയപ്പോള്‍ ആട് ആശയെ പാറപ്പുറത്ത് നിന്ന് ഇടിച്ചിട്ടെന്നായിരുന്നു അരുണ്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ആശുപത്രിയില്‍ ആരോഗ്യനില വഷളായ ഘട്ടത്തില്‍ ഭര്‍ത്താവില്‍ നിന്നുണ്ടായ ആക്രമണത്തെ പറ്റി ആശ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൂയപ്പളളി പൊലീസ് തുടരന്വേഷണം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തില്‍ അരുണിനെയും അമ്മയെയും ചോദ്യം ചെയ്തതോടെ സംഭവത്തിന്‍റെ ചുരുളഴിയുകയായിരുന്നു. അരുണും ആശയും പ്രണയിച്ച് വിവാഹിതരായവരാണ്. രണ്ടു പെണ്‍മക്കളുണ്ട്.

മദ്യ ലഹരിയില്‍ വഴക്ക് പതിവായിരുന്നു. മുന്‍പ് പലതവണ അരുണിനെതിരെ ആശ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പൂയപ്പളളി ഇന്‍സ്പെക്ടര്‍ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.