കൊല്ലത്ത് കടകളിലെത്തി പഴ്‌സ് മോഷണം; 14 കേസുകളിലെ പ്രതി പിടിയില്‍
കടക്കുള്ളില്‍ അതിക്രമിച്ചു കയറിയ സുരേഷ് 9500 രൂപയും രേഖകളും അടങ്ങിയ പഴ്‌സ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം: സ്വകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി പണവും രേഖകളും അടങ്ങിയ പഴ്‌സ് മോഷ്ടിച്ച പ്രതി പിടിയില്‍. കൊല്ലം പരവൂര്‍ പുക്കുളം സൂനാമി ഫ്‌ളാറ്റ് ഹൗസ് നമ്പര്‍ ഒന്‍പതിലെ സുരേഷ് (42) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ കോട്ടമുക്കിലാണ് സംഭവം. കടക്കുള്ളില്‍ അതിക്രമിച്ചു കയറിയ സുരേഷ് 9500 രൂപയും ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളും അടങ്ങിയ പഴ്‌സ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പഴ്‌സ് മോഷണം പോയതായി മനസിലാക്കിയ കടയുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ വെസ്റ്റ് പൊലീസ് ഉടന്‍ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. മോഷണം പതിവാക്കിയ ഇയാള്‍ക്കെതിരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി 14 മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലം വെസ്റ്റ് എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ജലജ, സി.പി.ഒമാരായ സിജു, ഷൈജു, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വീട്ടുകാരെല്ലാം നബിദിന ആഘോഷത്തില്‍, ജനല്‍ കമ്പി അറുത്ത് 25 പവന്‍ കവര്‍ന്നു
പരിയാരം: കണ്ണൂര്‍ പരിയാരത്ത് വന്‍ കവര്‍ച്ച. വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും രേഖകളും മോഷണം പോയി. വീട്ടുകാര്‍ രാത്രിയില്‍ നബിദിന പരിപാടികള്‍ക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. ചിതപ്പിലെപൊയില്‍ പളുങ്കു ബസാറിലെ അബ്ദുളളയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങളും പതിനയ്യായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്ടാക്കള്‍ കൈക്കലാക്കി.
അബ്ദുളളയും കുടുംബവും രാത്രി എട്ട് മണിയോടെ നബിദിന ആഘോഷ പരിപാടിക്ക് പോയ സമയത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീടിന്റെ പുറകുവശത്തെ ജനലിന്റെ കമ്പി കട്ടര്‍ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. അലമാര കുത്തിത്തുറന്ന മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടിരുന്നു. വീട്ടില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ എത്തിയ ഭാഗത്തുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പൊലീസെത്തി സിസി ടിവി പരിശോധിച്ചു. ഗ്യാസ് കട്ടര്‍ കൊണ്ട് മുറിക്കുമ്പോഴുളള തീപ്പൊരി മാത്രം ദൃശ്യങ്ങളില്‍ കാണാം. വീട്ടുകാര്‍ പളളിയിലേക്ക് പോയ വിവരം കൃത്യമായി അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.