ഈ വര്‍ഷം ജനുവരിയില്‍ മദ്യപിച്ച് പാതിരാത്രിയില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തു.  

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേൽ കൈതോട് സ്വദേശിനി വിസ്മയയുടെ വീട്ടിൽ സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കിരണ്‍ കുമാറും കുടുംബവും വിവാഹാലോചനയുമായി സമീപിച്ചത്. 

സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ ഇവർക്ക് പക്ഷേ വിസ്മയയുടെ കുടുംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി. 

എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്തു ലക്ഷം രൂപയോ കാറോ നല്‍കുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച് കാര്‍ വാങ്ങി നല്‍കുകയും ചെയ്തു. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഈ വര്‍ഷം ജനുവരിയില്‍ മദ്യപിച്ച് പാതിരാത്രിയില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തു. 

വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. 

നൂറ് പവൻ സ്വർണം, 1.25 ഏക്കർ സ്ഥലം സ്ത്രീധനം; 10 ലക്ഷത്തിന്‍റെ കാര്‍ ഇഷ്ടപ്പെടാത്തതിന് വിസ്മയയോട് ക്രൂരത

ഇന്ന് പുലര്‍ച്ചെയാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ തൂങ്ങിമരിച്ചെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള മർദ്ദനം ഇന്നലെ രാത്രിയും ഉണ്ടായി. ഈ മര്‍ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്.
എന്‍റെ മുഖത്ത് ചവിട്ടി, പേടിയാ, അടിക്കും', ഭർതൃപീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട യുവതി തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയും പോരുവഴി സ്വദേശിയായ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ കിരണ്‍കുമാറുമായുളള വിവാഹം. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ കൊല്ലം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്.