Asianet News MalayalamAsianet News Malayalam

കൂടത്തായി കേസ്: ജോളിയുടെ കോള്‍ ലിസ്റ്റിലുള്ളവരെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു

അറസ്റ്റിലാവുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ വിളിച്ചത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്

koodathai case police interrogate persons in jollys case
Author
Koodathai, First Published Oct 8, 2019, 9:27 AM IST


കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ മുഖ്യപ്രതി ജോളിയുടെ അടുത്ത സുഹൃത്തുകളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ജോളിയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിച്ച പൊലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ ഇവരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയ കാലഘട്ടം മുതല്‍ അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുന്‍പ് വരെ ജോളി നിരന്തരം ഫോണ്‍ കോളുകള്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയുടെ ഫോണിലേക്ക് കൂടുതല്‍ വിളിച്ചവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തേക്കും എന്നാണ് സൂചന.

അറസ്റ്റിലാവുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ വിളിച്ചത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്. ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും. വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും ഇന്നു തന്നെ പൊലീസ് ചോദ്യം ചെയ്യും എന്നാണറിയുന്നത്. നേരത്തെ തന്നെ ഇവരില്‍ നിന്നും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. 

ഇപ്പോള്‍ കൂടത്തായില്‍ ഉള്ള ബിഎസ്എന്‍എല്‍ ജീവനക്കാരനോട് സ്ഥലത്ത് ഉണ്ടാവണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അടുത്ത കുറച്ചു ദിവസത്തേക്ക് കൂടത്തായില്‍ തന്നെയുണ്ടാകുമെന്നും ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം മരണപ്പെട്ട ഷാജുവിന്‍റെ മുന്‍ഭാര്യ സിലിയുടെ ഒരു ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്തേക്കും.

അന്വേഷണത്തിന്‍റെ ഭാഗമായി പലതവണ പൊലീസ് സിലിയുടെ വീട്ടിലെത്തി മൊഴി ശേഖരിച്ചിരുന്നു. സിലിയുടേയും കുഞ്ഞിന്‍റേയും മൃതദേഹങ്ങള്‍ വീണ്ടും പുറത്ത് എടുത്ത് റീപോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന കാര്യം പൊലീസുദ്യോഗസ്ഥര്‍ സിലിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ റീ പോസ്റ്റ്മോര്‍ട്ടത്തിനെതിരെ ഇയാള്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചതാണ് ഇയാളെ പൊലീസ് നിരീക്ഷണത്തിലാക്കിയത്. 
 

Follow Us:
Download App:
  • android
  • ios